യുകെ പൗരത്വമുള്ള മലയാളി ആലപ്പുഴയിലെത്തിയപ്പോഴേ, ഞങ്ങൾ അദ്ദേഹത്തെപ്പോയി കണ്ട് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കണമെന്നു നിർദേശിച്ചിരുന്നു. യുകെയിൽ വച്ച് ഞാൻ ടെസ്റ്റ് ചെയ്തതാണെന്നും അതിലും വലുതാണോ ഈ ദരിദ്രരാജ്യത്തിലെ ടെസ്റ്റ് എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. വൈറസ് ശരീരത്തിൽ കടന്നിട്ടുണ്ടെങ്കിൽ ആരംഭത്തിലെ പരിശോധനയിൽ ചിലപ്പോൾ ശ്രദ്ധയിൽപ്പെടില്ലെന്നും പിന്നീട് രോഗലക്ഷണങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
അദ്ദേഹം വീടുവിട്ടു പുറത്തിറങ്ങാൻ സാധ്യത തോന്നിയതിനാൽ അയൽ വീട്ടുകാരുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. പിറ്റേ ദിവസം ഇയാളും ഭാര്യയും കാറിൽ പുറത്തിറങ്ങിയെന്ന് അയൽക്കാർ ഞങ്ങളെ അറിയിച്ചു. അദ്ദേഹത്തിന്റെ അച്ഛനുമായി ബന്ധപ്പെട്ട് അവരെ ഉടൻ തിരിച്ചു വിളിക്കണമെന്നു നിർദേശിച്ചു. പക്ഷേ, തിരിച്ചു വരാൻ അവർ തയാറായില്ല.
അതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തി ഞങ്ങൾക്ക് ഒരു ഫോൺ കോൾ വന്നു. നിങ്ങളെന്തിനാണ് യുകെക്കാരനെ ശല്യപ്പെടുത്തുന്നതെന്നു ഭീഷണി. ആ ഫോൺ നമ്പർ ഞങ്ങൾ പൊലീസിനു തന്നെ കൈമാറി. പിന്നീട് പ്ലസ് ടു അധ്യാപകൻ എന്നു പരിചയപ്പെടുത്തി മറ്റൊരാൾ. യുകെക്കാരൻ തന്റെ സ്വാധീനം ഞങ്ങളെ അറിയിക്കുകയാണ്.
ഒടുവിൽ ഇവർ പോയ കാറിന്റെ നമ്പർ ഉൾപ്പെടെ മാധ്യമങ്ങൾക്കു കൈമാറുമെന്നു പറഞ്ഞപ്പോഴാണ് അവർ തിരിച്ചെത്തിയത്.
അടൂർ വരെ കാർ ഓടിച്ചു പോയെന്നും എങ്ങും ഇറങ്ങിയിട്ടില്ലെന്നും പൊലീസ് സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ മനസ്സിലായി. വൈകിട്ട് വീണ്ടും വീട്ടിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അപ്പോൾ ആ പ്ലസ്ടു അധ്യാപകൻ അവിടെയുണ്ട്. നല്ല ഫോമിലാണ്. അയാൾ അലറുന്നു. ‘വി ആർ നോട്ട് ക്രിമിനൽസ്. ഐ ആം എ ഗസറ്റഡ് ഓഫിസർ’. അറിയാതൊരു പുച്ഛച്ചിരി മുഖത്തു വന്നു പോയി.
Leave a Reply