ആലത്തൂരിൽനിന്ന് കാണാതായ നാല് ഒമ്പതാംക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്താനായി പോലീസ് വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇതിനിടെ സഹപാഠികളായ നാലുപേരും തമിഴ്നാട്ടിൽ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് നിലവിൽ തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
പാലക്കാട് ആലത്തൂരിൽനിന്നുള്ള പോലീസ് സംഘങ്ങളാണ് തമിഴ്നാട്ടിലെ പലയിടങ്ങളിലും തിരച്ചിൽ തുടരുന്നത്. പൊള്ളാച്ചിയിൽ ഇവരെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. എന്നാൽ പൊള്ളാച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
ആലത്തൂരിൽനിന്ന് വീട് വിട്ടിറങ്ങിയ നാല് വിദ്യാർത്ഥികളും ആദ്യം പാലക്കാട്ടേക്ക് പോയതായാണ് പോലീസിന്റെ നിഗമനം. ആലത്തൂർ ദേശീയപാതയിൽ സ്വാതി ജംങ്ഷനിലേക്ക് വിദ്യാർത്ഥികൾ നടന്നുപോകുന്നത് കണ്ടവരുണ്ട്. ഇവിടെനിന്ന് ബസിൽ കയറി ഗോപാലപുരം വഴി തമിഴ്നാട്ടിലേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. പാലക്കാട് ബസ് സ്റ്റാൻഡിൽനിന്ന് ഇവരുടെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
നവംബർ മൂന്നാം തീയതിയാണ് ആലത്തൂർ സ്വദേശികളായ നാല് വിദ്യാർഥികളെ കാണാതായത്. ഇതിൽ രണ്ടുപേർ ഇരട്ടസഹോദരിമാരാണ്. എല്ലാവരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഇവരിലൊരാളുടെ കൈയിൽ മൊബൈൽ ഫോണുണ്ടെങ്കിലും മൂന്നാം തീയതി മുതൽ ഇത് സ്വിച്ച് ഓഫാണ്. ഇവർ പ്രത്യേക ലക്ഷ്യം വെച്ച് യാത്ര തിരിച്ചതല്ലെന്നും വെറുതെ കറങ്ങി നടക്കുകയാണെന്നുമാണ് പോലീസ് നൽകുന്ന വിവരം.
Leave a Reply