യൂറോപ്യൻ യൂണിയന്റെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് മുന്നിൽ ഇന്ത്യ അനുഭാവപൂര്‍വ്വം നിലപാടെടുക്കുന്നു. യൂറോപ്യൻ യൂണിയനിലെ അംഗരാഷ്ട്രങ്ങളിൽ നിന്നുള്ള മദ്യത്തിനും കാറുകൾക്കും ഇറക്കുമതി തീരുവ കുറയ്ക്കാനാണ് നീക്കം. ആര്‍സിഇപി കരാറിൽ നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനോട് ഇന്ത്യ അടുക്കുന്നത്.
മദ്യം, കാര്‍ തുടങ്ങി യൂറോപ്യൻ യൂണിയനിൽ നിന്നുള്ള നിരവധി ഉൽപ്പന്നങ്ങളോട് ദീര്‍ഘകാലമായി ഇന്ത്യ മുഖംതിരിച്ചിരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ജര്‍മ്മൻ ചാൻസലര്‍ ഏയ്ഞ്ചെല മെര്‍ക്കലും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് ഈ കരാറിലേക്ക് വീണ്ടും ഇന്ത്യ തിരിച്ചെത്തിയത്. പിന്നീട് വാണിജ്യ-വ്യവസായ വകുപ്പുമന്ത്രി പിയൂഷ് ഗോയൽ ഇത് സംബന്ധിച്ച് ഏയ്ഞ്ചെല മെര്‍ക്കലുമായി വിശദമായ ചര്‍ച്ച നടത്തി. യൂറോപ്യൻ യൂണിയന്റെ ട്രേഡ് കമ്മിഷണര്‍ ഫിൽ ഹോഗനോടും ഇദ്ദേഹം സംസാരിച്ചിരുന്നു.
യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് വില കുറഞ്ഞാലും മദ്യത്തിന്റെ ആഭ്യന്തര വിപണിയെ ഇത് ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രസര്‍ക്കാര്‍. വാഹനങ്ങളുടെ കാര്യത്തിലും കേന്ദ്രത്തിന്റെ നിഗമനം സമാനമാണ്.
ഉഭയകക്ഷി വ്യാപാര കരാര്‍ യൂറോപ്യൻ യൂണിയനുമായും അമേരിക്കയുമായും ഒപ്പുവയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി നേരത്തെ പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആര്‍സിഇപി കരാറിൽ നിന്ന് പിന്മാറാമെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതോടെയാണ് യൂറോപ്പുമായുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുന്നത്. ബ്രെക്സിറ്റിന് ശേഷം ഇന്ത്യ ബ്രിട്ടനുമായും വ്യാപാര കരാര്‍ ഒപ്പുവയ്ക്കും. ടെക്സ്റ്റൈൽ, ഫാം പ്രൊഡക്ട്സ് എന്നിവയ്ക്കായാവും കരാറെന്നാണ് വിലയിരുത്തൽ.
Leave a Reply