ന്യൂസ് ഡെസ്ക് മലയാളം യുകെ

കോവിഡ് നൽകിയ മാനസികസമ്മർദ്ദവും ലോക്ഡൗണും മൂലം രാജ്യത്ത് മദ്യത്തിൻറെ ഉപയോഗം വളരെ കൂടിയതായി ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മദ്യവുമായി ബന്ധപ്പെട്ട മരണനിരക്ക് 2020-ൽ ഏറ്റവും കൂടുന്നതിന് കോവിഡും ലോക്ഡൗണും കാരണായതായാണ് വിദഗ്ധർ വിലയിരുത്തുന്നത്. മദ്യവുമായി ബന്ധപ്പെട്ട് 20% കൂടുതൽ മരണങ്ങളാണ് മുൻവർഷത്തെ അപേക്ഷിച്ച് 2020-ൽ സംഭവിച്ചത്. കണക്കുകൾ പ്രകാരം ഏകദേശം 7500 പേരാണ് മദ്യപാനത്തെ തുടർന്നുണ്ടായ രോഗങ്ങൾ മൂലം മരണപ്പെട്ടത്. മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗത്തിൻറെ വർധനവും ഏറ്റവും കൂടുതലായതായി റിപ്പോർട്ടിൽ പറയുന്നു.

ലോകഡൗണും മറ്റ് സാമൂഹിക നിയന്ത്രണങ്ങളും ജനങ്ങളിലെ മദ്യപാനാസക്തിയെ വർദ്ധിപ്പിച്ചതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒറ്റപ്പെടൽ,വിരസത,മഹാമാരിയെക്കുറിച്ചുള്ള ഉത്കണ്ഠ എന്നിവ നേരിടാൻ ലോക്ക്ഡൗൺ സമയത്ത് ആളുകൾ പതിവിലും കൂടുതൽ മദ്യപിച്ചിട്ടുണ്ടെന്ന്‌ പല സർവ്വേകളും വെളിപ്പെടുത്തിയിരുന്നു. കോവിഡ് രോഗികളുടെ ആധിക്യംമൂലം ഹോസ്പിറ്റലുകൾ തിങ്ങിനിറഞ്ഞപ്പോൾ മദ്യപാനവുമായി ബന്ധപ്പെട്ട മറ്റു രോഗങ്ങൾക്ക് ശരിയായ ചികിത്സ ലഭ്യമാകാതിരുന്നത് മരണസംഖ്യ ഉയരാൻ കാരണമായെന്നാണ് കരുതപ്പെടുന്നത്. സമ്പന്ന പ്രദേശങ്ങളെ അപേക്ഷിച്ച് ദരിദ്ര പ്രദേശങ്ങളിൽ താമസിക്കുന്നവർ മദ്യപാനത്തോട് അനുബന്ധമായുള്ള രോഗങ്ങളാൽ മരണമാകാനുള്ള സാധ്യത നാലിരട്ടി ആണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കോവിഡ് കാലയളവിൽ വിഷമദ്യവുമായി ബന്ധപ്പെട്ട കേസുകളിലും വൻവർദ്ധനവാണ് ഉണ്ടായത്. വിഷ മദ്യവുമായി ബന്ധപ്പെട്ട് മുൻവർഷത്തേക്കാൾ 16 ശതമാനം വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.