സ്‌കോ ട്ട്‌ലൻഡിൽ മദ്യപാനം മൂലം മരിക്കുന്നവരുടെ എണ്ണം 14 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ. നാഷണൽ റെക്കോർഡ്സ് ഓഫ് സ്കോ ട്ട്‌ലൻഡിന്റെ (എൻആർഎസ്) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2022-ൽ മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് 1,276 പേരാണ് മരിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് കണക്കുകളിൽ 2 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്.
2022-ൽ, മദ്യപാനം മൂലമുള്ള സ്ത്രീകളുടെ മരണത്തിന്റെ ശരാശരി പ്രായം 58.7 വർഷവും പുരുഷന്മാരിൽ ഇത് 60 വർഷവുമാണെന്ന് എൻആർഎസ് മേധാവി ഡാനിയൽ ബേൺസ് പറഞ്ഞു. സ്കോ ട്ട്‌ലൻഡിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ മദ്യപാന മരണനിരക്ക് 4.3 മടങ്ങ് കൂടുതലാണ്. 2022ലെ കണക്കുകൾ നോക്കുമ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചുള്ള മരണങ്ങളേക്കാൾ മദ്യപാനം മൂലമുള്ള മരണങ്ങളാണ് കൂടുതൽ. കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം അഞ്ച് വർഷത്തിനിടെയുള്ള മയക്കുമരുന്ന് മൂലമുള്ള ഏറ്റവും കുറഞ്ഞ മരണനിരക്കാണ് സ്കോ ട്ട്ലൻഡിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എൻഎച്ച്എസ് ഗ്രേറ്റർ ഗ്ലാസ്‌ഗോ, ക്ലൈഡ് ഹെൽത്ത് ബോർഡ് ഏരിയയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (326) രേഖപ്പെടുത്തിയത്, തുടർന്ന് എൻ എച്ച് എസ് ലനാർക്ക്‌ഷയറിൽ 200ഉം, എൻഎച്ച്എസ് ലോതിയൻ – എഡിൻബർഗിൽ 153 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. ഇതിൽ 778 മരണങ്ങളും മദ്യപാനം മൂലമുണ്ടാകുന്ന കരൾ രോഗം മൂലമാണ്. 2018 മെയ് മാസത്തിൽ മദ്യത്തിന് മിനിമം യൂണിറ്റ് പ്രൈസിംഗ് (എംയുപി) ഏർപ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി സ്‌കോ ട്ട്‌ലൻഡ് മാറിയിരുന്നു.
Leave a Reply