പ്രധാനമന്ത്രിയുടെ ആ ചരിത്ര തീരുമാനം തെറ്റ് ; പാർലമെന്റ് നിർത്തിവെക്കാനുള്ള ജോൺസന്റെ തീരുമാനം നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. ബ്രെക്സിറ്റ്‌ വിഷയത്തിൽ ജോൺസന് വൻ തിരിച്ചടി

പ്രധാനമന്ത്രിയുടെ ആ ചരിത്ര തീരുമാനം തെറ്റ് ; പാർലമെന്റ് നിർത്തിവെക്കാനുള്ള ജോൺസന്റെ തീരുമാനം നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. ബ്രെക്സിറ്റ്‌ വിഷയത്തിൽ ജോൺസന് വൻ തിരിച്ചടി
September 25 02:30 2019 Print This Article

ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : പാർലമെന്റ് താൽക്കാലികമായി നിർത്തിവെച്ചത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി.അഞ്ചാഴ്ചത്തേയ്ക്ക് പാർലമെന്റ് നിർത്തിവെക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് വിധിച്ച കോടതി, പാർലമെന്റ് നിർത്തിവെക്കാൻ രാജ്ഞിയോട് ആവശ്യപ്പെട്ടത് ശരിയായില്ല എന്നും പറഞ്ഞു.പാർലമെന്റ് സമ്മേളനം നേരത്തെ പിരിച്ചുവിടാനും ഒക്ടോബർ 14ന് വീണ്ടും കൂടാനുമുള്ള ജോൺസന്റെ നിർദേശത്തിന് എലിസബത്ത് രാജ്ഞി അംഗീകാരം നൽകിയിരുന്നു. പ്രസിഡന്റ്‌ ഉൾപ്പെടെ 11 അംഗ ബെഞ്ചിന്റേതാണ് ഈ തീരുമാനം. പാർലമെന്റ് സമ്മേളനം നിർത്തിവച്ച ജോൺസന്റെ നടപടി സുപ്രീം കോടതി റദാക്കി. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ പാർലമെന്റിന്റെ ഭരണഘടനാ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പ്രസിഡന്റ്‌ ബ്രിൻഡാ ഹാലെ വ്യക്തമാക്കി. പരമോന്നത കോടതിയോട് ആദരവുണ്ടെന്നും എന്നാൽ ഈയൊരു തീരുമാനത്തോട് പൂർണ വിയോജിപ്പ് പ്രകടിപ്പിക്കുന്നെന്നും ജോൺസൻ അഭിപ്രായപ്പെട്ടു.

 

ഇതിനിടയിൽ പ്രധാനമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം മുറവിളി കൂട്ടുകയാണ്. വിധിന്യായത്തിന്റെ ഫലമായി ജോൺസൺ രാജിവയ്ക്കണമെന്ന് സ്കോട്ടിഷ് കേസിന് നേതൃത്വം നൽകിയ എസ്എൻ‌പിയുടെ ജോവാന ചെറി ആവശ്യപ്പെട്ടു. ബോറിസ് ജനാധിപത്യത്തെ അവഹേളിക്കുകയാണെന്ന് ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ പറഞ്ഞു.ഒപ്പം വ്യക്തമായ വിധിന്യായത്തിന്റെ വെളിച്ചത്തിൽ എം‌പിമാർ ബുധനാഴ്ച മടങ്ങിയെത്തുമെന്ന് കോമൺസ് സ്‌പീക്കർ ജോൺ ബെർക്കോവ് അറിയിച്ചു. പാർലമെന്റ് നിർത്തിവെക്കലിനെ പരസ്യമായി വിമർശിച്ച മുൻ അറ്റോർണി ജനറൽ ഡൊമിനിക് ഗ്രീവ്, പ്രധാനമന്ത്രിയുടെ മോശം പെരുമാറ്റം കാരണമാണ് ഇതുണ്ടായതെന്നും അതിനാൽ വിധിന്യായത്തിൽ താൻ ആശ്ചര്യപ്പെടുന്നില്ലെന്നും പറഞ്ഞു.

പ്രധാനമന്ത്രിയുടെ വിവാദ നിലപാട് നിയമവിരുദ്ധമാണെന്ന് സ്കോട്ടിഷ് കോടതി നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് സർക്കാരിന് വീണ്ടും തിരിച്ചടി നേരിട്ടത്. ഒക്ടോബർ 31 ന് തന്നെ ഒരു കരാറില്ലെങ്കിലും യൂറോപ്യൻ യൂണിയൻ വിടുമെന്ന നിലപാടിലാണ് ജോൺസൺ . എന്നാൽ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്. സുപ്രീം കോടതിയുടെ ഈ വിധിക്കെതിരെ ജോൺസൺ എങ്ങനെ നീങ്ങുമെന്ന് കാണേണ്ടിയിരിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles