ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം കരസ്ഥമാക്കി മലയാളി പെൺകുട്ടി. മലയാളിയായ മുൻ മേയർ ടോം ആദിത്യയുടെ മകൾ അലീനയാണ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്. കൺസർവേറ്റീവുകൾ തകർന്നടിഞ്ഞ തിരഞ്ഞെടുപ്പിൽ അലീനയുടെ വിജയം ശ്രദ്ധേയമാണ്. 18 വയസ്സ് പൂർത്തിയായ അലീന, ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു. ബ്രിസ്റ്റോൾ ബ്രാഡ്ലി വാർഡിലാണ് അലീനയുടെ ജയം. ഇതോടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ എന്ന പദവി ഇനി അലീനയ്ക്ക് സ്വന്തം. മുതിർന്ന മുൻ മേയർമാരായ രണ്ട് പേരുമായിട്ടാണ് അലീന മത്സരിച്ചത്. എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്തതും വിധിയെഴുതിയതും അലീനയ്ക്ക് അനുകൂലമായാണ്. അലീനയുടെ സ്ഥാനാർഥിത്വം ചില ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണെന്നും, കൺസർവേറ്റീവുകൾ കനത്ത തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പിൽ ഈ വിജയത്തിന് മധുരം ഏറെയാണെന്നും അലീനയുടെ പിതാവ് ടോം ആദിത്യ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. പഠനം പൂർത്തിയാക്കി യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനൊരുങ്ങുന്ന മകളെ ഒരു കൗൺസിലിൻെറ പ്രതിനിധിയായി തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റാന്നി സ്വദേശിയാണ് അലീനയുടെ പിതാവ് ടോം ആദിത്യ . ഭരണരംഗത്ത് പലവിധ പദവികൾ വഹിച്ച അദ്ദേഹം, നിരവധി ചുമതലകൾ ഇതിനോടകം തന്നെ വഹിച്ചിട്ടുണ്ട്. മുമ്പ് മേയർ, ഡെപ്യൂട്ടി മേയർ, പ്ലാനിംഗ് ആൻഡ് എൻവയോൺമെന്റ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ഫോറത്തിന്റെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2002-ൽ ബ്രിസ്റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്കിൽ സ്ഥിരതാമസമാക്കിയ ടോം സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തി കൂടിയാണ്. ഭാര്യ ലിനി. അഭിഷേക്, ആൽബർട്ട്, അഡോണ, അൽഫോൺസ് എന്നിവരാണ് മറ്റ് മക്കൾ.
തഴക്കവും പഴക്കവും വന്ന പല മുതിർന്ന രാഷ്ട്രീയക്കാരുമായിട്ടാണ് അലീന ഏറ്റുമുട്ടിയത്. ലേബര്‍ പാര്‍ട്ടിക്കും ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും മൊത്തത്തിൽ വൻ വിജയം ലഭിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ ശ്രദ്ധ ആകർഷിച്ചത് അലീനയുടെ സ്ഥാനാർഥിത്വം ആയിരുന്നു. പലരും തോറ്റുപോകുമെന്ന് പറഞ്ഞു വിധിയെഴുതി തള്ളിയ വാർഡാണ് അലീനയെ വിജയത്തിലേക്ക് എത്തിച്ചത്. കൺസർവേറ്റീവ് ക്യാമ്പുകൾക്ക് കടുത്ത നിരാശ സമ്മാനിച്ച തിരഞ്ഞെടുപ്പിൽ അലീനയുടെ വിജയം പ്രതീക്ഷയുടെ പുലരിയാണ് സമ്മാനിക്കുന്നതെന്നാണ് പാർട്ടി പ്രതിനിധികൾ പറയുന്നത്. പതിനെട്ടു വയസുള്ള അലീന നിലവിൽ, പ്ലസ് ടു പഠനം പൂർത്തികരിച്ച് കാർഡിഫ് യൂണിവേഴ്സിറ്റിയിൽ ആർക്കിടെക്ച്ചർ പഠനത്തിനായി പോകുവാൻ ഒരുങ്ങുകയാണ്.
Is it a replay of what is happening in India: Bapa Mani then, Chota Mani now