ലണ്ടന്‍: ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ നിര്‍ദശിച്ച വിറക് ഉപയോഗിക്കുന്ന അടുപ്പുകള്‍ക്കുള്ള നിരോധനം വീടുകള്‍ക്ക് ബാധകമാകില്ല. ഈ നിരോധനം വര്‍ഷത്തില്‍ ചില പ്രത്യേക സമയങ്ങളില്‍ മാത്രമേ ഉണ്ടാകൂ എന്നും വിശദീകരിക്കപ്പെടുന്നു. രാജ്യ തലസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ വിറകടുപ്പുകള്‍ ഉപയോഗിക്കുന്നത് 2025 മുതല്‍ നിയന്ത്രിക്കാനാണ് പദ്ധതി. പുതിയ തരം അടുപ്പുകള്‍ മാത്രമേ രാജ്യമൊട്ടാകെ 2022ല്‍ നിലവില്‍ വരുന്ന പുതിയ നിയമം അനുസരിച്ച് ഉപയോഗിക്കാന്‍ കഴിയൂ. ഇത്തരം അടുപ്പുകള്‍ ഉപയോഗിക്കുന്നവരെ ബോധവല്‍ക്കരിക്കാനായിരിക്കും ഇപ്പോള്‍ ശ്രമിക്കുക.

വായു മലിനീകരണം കുറയ്ക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന ഈ നടപടിയുടെ ഭാഗമായി ഹോട്ടലുകള്‍ പോലെ വ്യാവസായിക ഉപയോക്താക്കളുടെ വിറകടുപ്പുകളായിരിക്കും ഇപ്പോള്‍ നിയന്ത്രിക്കുക. 15 ലക്ഷം വിറക് ഉപയോഗിക്കുന്ന അടുപ്പുകള്‍ യുകെയില്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 2 ലക്ഷത്തോളം അടുപ്പുകളുടെ വാര്‍ഷിക വില്‍പനയും നടക്കുന്നുണ്ട്. വീടുകള്‍ ഹീറ്റ് ചെയ്യുന്നതിന് പരിസ്ഥിത സൗഹൃദമായ രീതിയെന്ന വിധത്തിലാണ് ഇവ ഉപയോഗിക്കുന്നത്. എന്നാല്‍ ലണ്ടനിലെ അന്തരീക്ഷ മലിനീകരണത്തിന് 31 ശതമാനം സംഭാവന നല്‍കുന്നത് ഈ അടുപ്പുകളാണെന്ന് കിംഗ്‌സ് കോളേജ് ലണ്ടന്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നു.

ഇത്തരം അടുപ്പുകളില്‍ നിന്ന് പുറത്തു വരുന്ന സൂക്ഷ്മമായ ചാരത്തിന്റെ കണികകള്‍ അന്തരീക്ഷ മലിനീകരണത്തിന് ഏറ്റവും പ്രധാന കാരണക്കാരനാണ്. ഇത് ഹൃദയത്തെയും ശ്വാസകോശത്തെയും ബാധിക്കുന്നവയാണെന്നും പഠനം പറയുന്നു. ലണ്ടന്‍ നഗരത്തിലെ വായുമലിനീകരണം നിയന്ത്രിക്കാനാണ് മേയര്‍ ഈ നടപടി സ്വീകരിച്ചത്. ഗ്രീന്‍ പാര്‍ട്ടി സാദിഖ് ഖാന് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.