ആല്‍ഫി ഇവാന്‍സിനെ ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് കോടതി. ചികിത്സയ്ക്കായി കൊണ്ടുപോകുന്നത് ആല്‍ഫിയുടെ ജീവന്‍ അപകടത്തിലാക്കുമെന്ന ഡോക്ടര്‍മാരുടെ വാദം അംഗീകരിച്ച കോടതി റോമിലേക്ക് കുട്ടിയെ കൊണ്ടുപോകാനാവില്ലെന്ന് വ്യക്തമാക്കി. 23 മാസം മാത്രം പ്രായമുള്ള ആല്‍ഫിയുടെ തലച്ചോറിന് ഗുരുതരമായ ക്ഷതം സംഭവിച്ചിട്ട് മാസങ്ങളായി. ലിവര്‍പൂളിലെ ആശുപത്രിയിലാണ് ചികിത്സ പുരോഗമിക്കുന്നത്. എന്നാല്‍ ഇവിടെ നിന്നും റോമിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോയാല്‍ ആല്‍ഫിയെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് കുഞ്ഞിന്റെ മാതാപിതാക്കളായ ടോം ഇവാന്‍സും കെയിറ്റ് ജെയിംസും കരുതുന്നത്. ഇതിനായി ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ കോടതിയിലെത്തിയത്.
കോടതിയില്‍ കേസിന്റെ വാദം കേള്‍ക്കുന്ന സമയത്ത് ആല്‍ഫിയെ കൊണ്ടുപോകാനായി എയര്‍ ആംബലുന്‍സ് അടക്കമുള്ള സംവിധാനങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ കോടതി വിധി വന്നതോടെ കുടുംബം നിരാശരായി. വിമാനമാര്‍ഗം കുട്ടിയെ റോമിലേക്ക് കൊണ്ടുപോകുന്നത് കുട്ടിയുടെ ജീവന് തന്നെ ഭീഷണിയാണെന്നും ആല്‍ഫി യാത്ര പൂര്‍ത്തീകരിക്കില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ അസുഖത്തോട് മല്ലിട്ട ഇത്രയും കാലത്തെ അനുഭവം കണക്കിലെടുത്ത് കുഞ്ഞ് ഇതിനെയും മറികടക്കുമെന്ന് മാതാപിതാക്കള്‍ വാദിച്ചു. കനത്ത പോലീസ് കാവലിലാണ് ഹര്‍ജിയില്‍ കോടതി വാദം കേട്ടത്. ആല്‍ഫിയെ റോമിലേക്ക് കൊണ്ടുപോകുന്നതിന് തടസം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ട നിരവധി പേര്‍ നേരത്തെ തെരുവിലിറങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം ആല്‍ഫിയെ ചികിത്സിക്കുന്ന ലിവര്‍പൂളിലെ ആശുപത്രിയില്‍ ഇരുനൂറോളം പേര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ആശുപത്രി വാതില്‍ തള്ളിതുറന്ന് അകത്ത് കയറാന്‍ ശ്രമിച്ച ഇവരെ പോലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. നേരത്തെ ആല്‍ഫിക്ക് ഇറ്റലിയില്‍ ചികിത്സ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് പിതാവ് ഇവാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടിരുന്നു. ഇതേതുടര്‍ന്ന് കുഞ്ഞിന് പൗരത്വം അനുവദിക്കുമെന്ന് ഇറ്റാലിയന്‍ ഫോറിന്‍ മിനിസ്ട്രി അറിയിച്ചിരുന്നു. ആല്‍ഫിയുടെ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നാണ് ലിവര്‍പൂളില്‍ ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു കഴിഞ്ഞിരിക്കുന്ന രോഗത്തിന് ചികിത്സ അസാധ്യമാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Leave a Reply