ബിനോയി ജോസഫ്

തങ്ങളുടെ ജീവന്റെ ജീവനായ കുഞ്ഞിനെ മരണത്തിനു വിട്ടു നല്കാതിരിക്കാൻ ടോമും കേറ്റും നടത്തിയ അതിതീഷ്ണമായ പോരാട്ടങ്ങൾക്ക് ദു:ഖപര്യവസായിയായ അന്ത്യം കുറിക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാർത്ഥനകളും പ്രയത്നങ്ങളും വിഫലമായി. ആധുനിക വൈദ്യശാസ്ത്രവും നീതിപീഠവും  രാഷ്ട്രത്തലവൻമാരും വരെ ആൽഫി എന്ന കുരുന്നു ജീവൻ സംരക്ഷിക്കാൻ നടത്തിയ ചരിത്രപരമായ നീക്കങ്ങളിൽ പങ്കാളികളായി. ആയിരങ്ങളാണ് ആൽഫിയെ ചികിത്സിച്ച ലിവർപൂൾ ചിൽഡ്രൻസ് ഹോസ്പിറ്റലിനു മുന്നിൽ ആഴ്ചകളോളം ആൽഫിയുടെ മാതാപിതാക്കളായ തോമസ് ഇവാൻസിനും  കേറ്റ് ജെയിംസിനും ധാർമ്മിക പിന്തുണയുമായി തമ്പടിച്ചത്. ആൽഫിയുടെ രോഗവിമുക്തിയ്ക്കായി കാത്തിരുന്ന ലോകത്തിന് ലഭിച്ച വാർത്ത ശുഭകരമായിരുന്നില്ല. മാസങ്ങൾ നീണ്ട നിയമയുദ്ധവും തുണയ്ക്കാതെ വന്നപ്പോൾ ലോകത്തിനു തന്നെ നൊമ്പരമായി ആൽഫി മരണത്തിനു കീഴടങ്ങി.

“ഞങ്ങളുടെ പ്രിയപ്പെട്ട ആൽഫിയ്ക്ക് ചിറകുകൾ ലഭിച്ചിരിക്കുന്നു.. അവൻ പോരാട്ടം അവസാനിപ്പിച്ചു യാത്രയായി.. ഞങ്ങളുടെ ഹൃദയം തകരുന്നു”.. 23 മാസം മാത്രം പ്രായമുള്ള പ്രിയ ആൽഫിയെ നെഞ്ചോടു ചേർത്ത്, ജീവൻ നിലനിർത്താനായി അക്ഷീണ പരിശ്രമം നടത്തിയ ടോമിന്റെയും കേറ്റിന്റെയും വാക്കുകൾ സോഷ്യൽ മീഡിയയിൽ ശനിയാഴ്ച രാവിലെ കുറിക്കപ്പെട്ടപ്പോൾ ലോകം തേങ്ങുകയായിരുന്നു.  ആൽഫിയുടെ വേർപാടിൽ താൻ അതീവ ദു:ഖിതാണെന്നും ആൽഫിയുടെ മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നുവെന്നും പോപ്പ് ഫ്രാൻസിസ് സന്ദേശത്തിൽ കുറിച്ചു. ഇറ്റലിയുടെ നിരവധി പതാകകൾ ലിവർപൂളിലെ ഹോസ്പിറ്റലിനു മുമ്പിൽ ആൽഫിയ്ക്ക് ആദരമർപ്പിച്ച് സ്ഥാപിക്കപ്പെട്ടു.

മെഴ്സിസൈഡ് സ്വദേശികളായ ടോമിന്റെയും കേറ്റിന്റെയും മകനായ ആൽഫി ഇവാൻസ് ജനിച്ചത് 2016 മെയ് 9നായിരുന്നു. 2016 ഡിസംബറിലാണ് ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ആദ്യമായി അഡ്മിറ്റ് ചെയ്യപ്പെടുന്നത്. ഡീജനറേറ്റീവ് ന്യൂറോളജിക്കൽ കണ്ടീഷനാണ് ആൽഫിയ്ക്ക്‌ എന്ന് ഡോക്ടർമാർ വിധിയെഴുതി. ആധുനിക വൈദ്യശാസ്ത്രത്തിനു ആൽഫിയെ സുഖപ്പെടുത്താനാവില്ലെന്നും ചികിത്സകൾക്ക് പരിമിതികളുണ്ടെന്നും ഡോക്ടർമാർ ആൽഫിയുടെ മാതാപിതാക്കളെ അറിയിച്ചു.  മാസങ്ങളോളം ആൽഫി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തി. വിദഗ്ദ ചികിത്സ നല്കാൻ ആൽഫിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടു പോകാനുള്ള അനുമതി ഹോസ്പിറ്റൽ അധികൃതർ നല്കിയില്ല.

ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റൽ മാനേജ്മെൻറ് ഹൈക്കോടതിയെ സമീപിച്ച് ആൽഫിയുടെ വെൻറിലേറ്റർ സംവിധാനം അവസാനിപ്പിക്കാൻ അനുമതിതേടി.  തുടർന്ന് ആൽഫിയുടെ ചികിത്സ ജസ്റ്റിസ് ഹെയ്ഡന്റെ മേൽനോട്ടത്തിനു കീഴിലായി. ബ്രെയിൻ ടിഷ്യൂവിന് കാര്യമായ തകരാറുണ്ടെന്നും കൂടുതൽ ചികിത്സകൾ ഫലപ്രദമാവില്ലെന്നും അത് മനുഷ്യത്വപരമല്ലെന്നും സ്കാൻ റിപ്പോർട്ടുകൾ ഹാജരാക്കി ഹോസ്പിറ്റൽ മാനേജ്മെൻറ് വാദിച്ചു. ഹോസ്പിറ്റലിന്റെ വാദങ്ങളെ തള്ളിയ മാതാപിതാക്കൾ ആൽഫിയെ റോമിലെ ബാംബിനോ ജെസു ഹോസ്പിറ്റലിലേയ്ക്ക് മാറ്റാൻ അനുമതിയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ നിരാകരിച്ച ഹൈക്കോടതി വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആൽഫിയുടെ ജീവൻ രക്ഷിയ്ക്കാനായി ദൃഡനിശ്ചയത്തോടെ മുന്നോട്ടു പോയ ടോമിനും കേറ്റിനും പിന്തുണയുമായി ആൽഫിസ് ആർമി രൂപം കൊണ്ടു. സോഷ്യൽ മീഡിയയിൽ സജീവ ചർച്ചാ വിഷയമായ ആൽഫിയുടെ അതിജീവനത്തിനായുള്ള പോരാട്ടം ലോകമേറ്റെടുത്തു.നൂറു കണക്കിനാളുകളാണ് ആൽഫിയെ അഡ്മിറ്റ് ചെയ്തിരുന്ന ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ് ഹോസ്പിറ്റലിനു മുമ്പിൽ മാതാപിതാക്കൾക്ക് പിന്തുണയുമായി എത്തിച്ചേർന്നത്. ആൽഫിയെ ഇറ്റലിയിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തടിച്ചു കൂടിയ ജനങ്ങൾ ഹോസ്പിറ്റൽ മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ചു. സുരക്ഷാകാരണങ്ങളിൽ ഹോസ്പിറ്റലിന് പോലീസ് വലയം തീർത്തു. ആൽഫി ഇറ്റലിയിലേക്ക് മാറ്റുന്നതിനായി എയർ ആംബുലൻസ് തയ്യാറായി നിന്നു. പക്ഷേ നീതീ പീഠങ്ങൾ കനിഞ്ഞില്ല.

ആൽഫിയെ ഇറ്റലിയിലേയ്ക്ക് കൊണ്ടുവരുന്നതിനു സഹായമഭ്യർത്ഥിച്ചുകൊണ്ട് ആൽഫിയുടെ പിതാവ് തോമസ് ഇവാൻസ് റോമിലെത്തി പോപ്പ് ഫ്രാൻസിസിനെ സന്ദർശിച്ചിരുന്നു. റോമിന്റെ പൂർണ സഹകരണം ലഭ്യമായെങ്കിലും യൂറോപ്യൻ ഹ്യൂമൻ റൈറ്റ്സ് കോർട്ടും ആൽഫിയ്ക്ക് യാത്രാനുമതി നല്കിയില്ല.  ആൽഫിക്ക് യാത്രാനുമതി ഒരുക്കുന്നതിനായി ഇറ്റാലിയൻ പൗരത്വം നല്കിയെങ്കിലും ആൽഫി ബ്രിട്ടീഷ് പൗരനാണെന്നും ബ്രിട്ടീഷ് ഹൈക്കോർട്ടിന്റെ നിയമപരിധിയിലാണെന്നും ജസ്റ്റിസ് ഹെയ്ഡൻ വിധിച്ചു. ഇതിനിടെ ആൽഫിയുടെ ലൈഫ് സപ്പോർട്ട് ലിവർപൂൾ ഹോസ്പിറ്റൽ നീക്കം ചെയ്തു. യന്ത്രസഹായമില്ലാതെ ആൽഫി ശ്വസിക്കാനാരംഭിച്ചെന്നും നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ആൽഫിയുടെ സോളിസിറ്റർ കോടതിയെ അറിയിച്ചെങ്കിലും ആൽഫിയുടെ കേസുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങൾക്ക് വിരാമമിടുകയാണെന്ന് നീതിപീഠം വിധി പ്രസ്താവിച്ചു.

ആൽഫിയുടെ ജീവൻ രക്ഷിക്കാൻ ക്വീൻ ഇടപെടണമെന്ന പെറ്റീഷനിൽ ആയിരങ്ങളാണ് ഒപ്പുവച്ചത്. ലോകമെമ്പാടുമുള്ള ജനങ്ങൾ ആൽഫിയ്ക്കു വേണ്ടി ശബ്ദമുയർത്തി. തോമസ് ഇവാൻസിന്റെയും കേറ്റ് ജെയിംസിന്റെയും വേദനയിൽ ലോകജനത പങ്കാളികളായി. തങ്ങളുടെ കുഞ്ഞിന്റെ ജീവൻ നിലനിർത്തുവാൻ സ്വന്തം മാതാപിതാക്കൾ നടത്തിയ പോരാട്ടത്തിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പരിമിതിയും ചർച്ചയായി. കുഞ്ഞിന്റെ  ജീവൻ നിലനിർത്തുവാനായി അന്തിമ തീരുമാനം എടുക്കാനുള്ള മാതാപിതാക്കളുടെ അവകാശത്തെക്കുറിച്ചും കോടതിയുടെ അധികാര പരിധിയും മനുഷ്യത്വപരമായ സമീപനവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതിന്റെ ആവശ്യകതയും മനുഷ്യ മനസാക്ഷിയ്ക്കു മുന്നിൽ ഒരു ചോദ്യചിഹ്നമായി ഉയർത്തിക്കൊണ്ട് ആൽഫി ഇവാൻസ് വിടപറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ലിവർപൂളിലെ പാർക്കിൽ ആൽഫിയ്ക്കു സ്നേഹാദരം അർപ്പിച്ചു കൊണ്ട് ശനിയാഴ്ച ബലൂണുകൾ ആകാശത്തിലേക്ക് പറത്തിയത്. അന്തരീക്ഷത്തിൽ ഒരേ ഒരു ശബ്ദം മാത്രം മുഖരിതമായി… ആൽഫി.. ആൽഫി.. വീ.. ലവ്.. യു.. ആൽഫി ഇവാൻസ് ലോകത്തിന്റെ തന്നെ വേദനയായി മാറി.