ജീവന്‍ രക്ഷിക്കാന്‍ ലോകത്തിന്റെ ഏത് കോണിലും കൊണ്ടുപോകാന്‍ തയ്യാറായിരുന്ന മാതാപിതാക്കളെയും പിന്തുണയുമായെത്തിയവരെയും കണ്ണീരിലാഴ്ത്തി ആല്‍ഫി ഇവാന്‍സ് ജീവന്‍ വെടിഞ്ഞു. ലൈഫ് സപ്പോര്‍ട്ട് കുട്ടിക്ക് തുടര്‍ന്ന് നല്‍കാന്‍ വേണ്ടിയുള്ള നിയമയുദ്ധത്തില്‍ പിതാവ് ടോം ഇവാന്‍സും അമ്മ കെയ്റ്റ് ജെയിംസും പരാജയപ്പെട്ടതോടെ ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നീക്കുകയായിരുന്നു. 23 മാസം പ്രായമായ ആല്‍ഫിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത വിധത്തിലുള്ള മസ്തിഷ്‌ക രോഗമായിരുന്നു. ”എന്റെ പോരാളി അവന്റെ പടച്ചട്ട താഴെ വെച്ച് ചിറകുകള്‍ സ്വീകരിച്ചു” എന്ന് ടോം ഇവാന്‍സ് ഫേസ്ബുക്കില്‍ കുറിച്ചു.’
തിങ്കളാഴ്ച രാത്രിയാണ് കുട്ടിയുടെ ലൈഫ് സപ്പോര്‍ട്ട് നീക്കിയത്. ഇന്ന് പുലര്‍ച്ചെ 2.30ന് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. ഉപകരണങ്ങള്‍ നീക്കിയെങ്കിലും 9 മണിക്കൂറോളം കുട്ടി ഇവയുടെ സഹായമില്ലാതെ ശ്വസിച്ചുവെന്ന് ടോം അറിയിച്ചിരുന്നു. റോമിലേക്ക് ചികിത്സക്കായി കൊണ്ടുപോകുന്നതിന് ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം അനുവദിച്ചിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇടപെട്ടതിനെത്തുടര്‍ന്നായിരുന്നു ഇത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കുഞ്ഞിന് തുടര്‍ ചികിത്സ നല്‍കിയതുകൊണ്ട് ഫലമില്ലെന്ന് ആശുപത്രിയധികൃതര്‍ കോടതിയെ അറിയിച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്യാന്‍ കോടതി ആശുപത്രിക്ക് അനുമതി നല്‍കിയെങ്കിലും ടോം ഇവാന്‍സിന്റെ അപ്പീലുകളുടെ പശ്ചാത്തലത്തില്‍ നടപടി നീളുകയായിരുന്നു.
ആള്‍ഡര്‍ ഹേയ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞിനെ വിദഗ്ദ്ധ ചികിത്സക്കായി രാജ്യത്തിനു പുറത്തു കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു ടോം ഇവാന്‍സ്. ഇതിനായി ഇയാള്‍ പല തവണ കോടതിയെ സമീപിച്ചെങ്കിലും കുട്ടിയെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നത് അപകടകരമായിരിക്കുമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായത്തെത്തുടര്‍ന്ന് കോടതി അനുമതി നിഷേധിച്ചു. എയര്‍ ആംബുലന്‍സ് കൊണ്ടുവന്ന് കുട്ടിയെ മാറ്റാനുള്ള ശ്രമം പോലും കോടതി തടഞ്ഞിരുന്നു. ആശുപത്രിക്കു മുന്നില്‍ കുഞ്ഞിനു വേണ്ടി നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി എത്തിയത്.
Leave a Reply