പോപ്പ് ഫ്രാന്‍സിസിന്റെ ഇടപെടല്‍ ആല്‍ഫി ഇവാന്‍സിന് അനുഗ്രഹമാകുന്നു. കുഞ്ഞിന് പൗരത്വം നല്‍കുമെന്ന് ഇറ്റാലിയന്‍ ഫോറിന്‍ മിനിസ്ട്രി അറിയിച്ചു. കഴിഞ്ഞ കുറേ നാളുകളായി അസുഖ ബാധിതനായി ലിവര്‍പൂളിലെ ആശുപത്രിയില്‍ കഴിയുകയാണ് ആല്‍ഫി ഇവാന്‍സ് എന്ന 23 മാസം പ്രായമുള്ള കുഞ്ഞ്. നിയമപ്രശ്‌നങ്ങള്‍ മൂലം ആല്‍ഫിയെ ഇറ്റലിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. കുട്ടിക്ക് ഇറ്റലിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നടത്താന്‍ സഹായിക്കണമെന്ന് ആല്‍ഫിയുടെ പിതാവ് വത്തിക്കാനോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ പോപ്പ് നടത്തിയ ഇടപെടല്‍ കാരണമാണ് ആല്‍ഫിക്ക് ഇറ്റാലിയന്‍ പൗരത്വം ലഭിച്ചിരിക്കുന്നത്. പൗരത്വം നല്‍കിക്കൊണ്ടുള്ള ഉത്തരവ് ഇറ്റാലിയന്‍ ഫോറിന്‍ മിനിസ്ട്രി പുറത്തിറക്കിയിട്ടുണ്ട്.

ഇതോടെ കുട്ടിയെ എത്രയും പെട്ടന്ന് ലിവര്‍പൂളിലെ ആശുപത്രിയില്‍ നിന്നും ഇറ്റലിയിലേക്ക് മാറ്റുമെന്നാണ് കരുതുന്നത്. അതേസമയം ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലിവര്‍പൂളിലെ ആല്‍ഡര്‍ ഹേയ് ആശുപത്രിയില്‍ 200ലധികം പേര്‍ പ്രതിഷേധവുമായി എത്തി. ആശുപത്രി വാതിലിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളില്ല. ആല്‍ഫിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെയും പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. നേരത്തെ യൂറോപ്യന്‍ കോര്‍ട്ട്‌സ് ഓഫ് ഹ്യൂമണ്‍ റൈറ്റ്‌സ് വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോമിലെ പ്രമുഖമായ രണ്ട് ചൈല്‍ഡ് സെപഷ്യാലിറ്റി ആശുപത്രികളില്‍ ആല്‍ഫിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ലിവര്‍പൂളില്‍ നിന്ന് ഇറ്റലിയിലേക്ക് മാറ്റിയാല്‍ ഈ ആശുപത്രികളില്‍ എതെങ്കിലും ഒന്നിലായിരിക്കും കുഞ്ഞിന് ചികിത്സ നടത്തുക. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഹാര്‍ഡ്-റൈറ്റ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി തലവന്‍ ജോര്‍ജിയ മെലോനി രംഗത്ത് വന്നു. കഴിഞ്ഞ മാസം നടന്ന ജനറല്‍ ഇലക്ഷനില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ പാര്‍ട്ടിയാണ് ഹാര്‍ഡ്-റൈറ്റ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. എന്നാല്‍ ലിവര്‍പൂളിലെ ആശുപത്രി അധികൃതര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പുതിയ വഴിത്തിരിവ് ഉണ്ടായ സാഹചര്യത്തില്‍ ആശുപത്രി വൃത്തങ്ങള്‍ എന്തു തീരുമാനമായിരിക്കും എടുക്കുകയെന്ന് വ്യക്തമല്ല.