താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിക്കടുത്ത് കാരാടിയില്‍ 7 മാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരന്റെ ഭാര്യ അറസ്റ്റില്‍. കാരാടി പറച്ചിക്കോത്ത് അബ്ദുല്‍ ഖാദറിന്റെ ഭാര്യ ജസീല(26)യാണ് പോലീസ് പിടിയിലായത്. വീട്ടിലെ അവഗണനയെ തുടര്‍ന്ന് വീട്ടുകാരോടും ഭര്‍ത്താവിനോടും ഉള്‍പ്പെടെ ജസീലയ്ക്ക് വൈരാഗ്യമുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. അവഗണനയ്ക്ക് പ്രതികാരമായി ഉറങ്ങി കിടന്ന കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.

കുഞ്ഞിന്റെ മാതാവ് ഷമീനയോടും വീട്ടുകാരോടും പ്രതിക്ക് കടുത്ത ദേഷ്യം നിലനിന്നിരുന്നു. കുഞ്ഞിനു പാലുകൊടുത്ത് ഉറക്കിയ ശേഷം ഷമീന കുളിക്കാന്‍ പോയപ്പോഴാണ് ജസീല തൊട്ടിലില്‍ കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഷമീന കരഞ്ഞ് ബഹളം വെച്ചു. തുടര്‍ന്ന് ജസീല തന്നെ കുഞ്ഞ് കിണറ്റിലുള്ളതായി കണ്ടെത്തുകയും ചെയ്തു. ജസീല പോലീസിന് നല്‍കിയ മൊഴിയില്‍ സംശയങ്ങള്‍ തോന്നിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുഞ്ഞിനെ അപായപ്പെടുത്താന്‍ പുറത്തു നിന്ന് ആരും വന്നിട്ടില്ലെന്ന് പോലീസിന് ബോധ്യമായതോടെയാണ് ജസീലയുടെ നേരെ അന്വേഷണം മാറിയത്. ജസീലയെ വിശദമായി വീണ്ടും ചോദ്യം ചെയ്തു. കുഞ്ഞിനെ കണ്ടെത്തുന്നതിന് മുന്‍പ് അപരിചിതന്‍ വെള്ളം ചോദിച്ച് എത്തിയതായി ജസീല മൊഴി നല്‍കി. നേരത്തെ നല്‍കിയ മൊഴിയില്‍ നിന്നും വീണ്ടും വ്യത്യസ്തമായി കാര്യങ്ങള്‍ പറഞ്ഞതോടെ പോലീസിന് കൂടുതല്‍ സംശയങ്ങളുണ്ടാവുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ പ്രതി കുറ്റം സമ്മതിച്ചു. ജസീലയെ ഇന്നു കോടതിയില്‍ ഹാജരാക്കും.