സൗരയൂഥത്തിന് പുറത്ത് നിന്ന് ഭൂമിയിലേക്ക് ആദ്യ സിഗ്നല്‍ ലഭിച്ചതിന്റെ ഞെട്ടലില്‍ ശാസ്ത്രലോകം. നെതര്‍ലന്‍ഡ്‌സിലെ ലോ ഫ്രീക്വന്‍സി അറേ(ലോഫര്‍) ആന്റിനയാണ് സൗരയൂഥത്തിന് പുറത്തുള്ള നക്ഷത്രങ്ങളില്‍ നിന്ന് സിഗ്നലുകള്‍ പിടിച്ചത്.

ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലെ ഡോ.ബെഞ്ചമിന്‍ പോപും ഡച്ച് നാഷണല്‍ ഒബ്‌സര്‍വേറ്ററിയിലെ സഹപ്രവര്‍ത്തകരുമടങ്ങിയ സംഘം ലോഫര്‍ ഉപയോഗിച്ച് പുതിയ ഗ്രഹങ്ങളെ കണ്ടെത്തുന്ന ശ്രമങ്ങള്‍ക്കിടയിലാണ് സിഗ്നലുകള്‍ എത്തിയത്. 19 ചുവന്ന കുള്ളന്‍ നക്ഷത്രങ്ങളില്‍ നിന്നുള്ളവയാണ് സിഗ്നലുകള്‍.

ഇതില്‍ നാലെണ്ണത്തില്‍ നിന്നുള്ള സിഗ്നലുകള്‍ അവയ്ക്ക് ചുറ്റും ഗ്രഹങ്ങള്‍ വലം വയ്ക്കുന്നുണ്ടെന്ന സൂചന നല്‍കുന്നതാണ്. മനുഷ്യന്റെ കണ്ണെത്താത്ത ഗ്രഹങ്ങളിലേക്കും അവയിലെ ജീവികളിലേക്കും വാതില്‍ തുറക്കുന്നവയാകാം സിഗ്നലുകള്‍ എന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.

“നമ്മുടെ സൗരയൂഥത്തിനകത്തെ ഗ്രഹങ്ങള്‍ അവയുടെ കാന്തിക വലയം സൗരക്കാറ്റുമായി സമ്പര്‍ക്കമുണ്ടാകുന്നതിന്റെ ഫലമായി ശക്തമായ റോഡിയോ തരംഗങ്ങള്‍ പുറത്തുവിടുന്നുണ്ട്. എന്നാല്‍ സൗരയൂഥത്തിന് പുറത്ത് നിന്നുള്ള ഗ്രഹങ്ങള്‍ റേഡിയോ സിഗ്നലുകള്‍ പുറത്തുവിടുന്നുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല.” ഗവേഷകര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഗ്രഹങ്ങളും നക്ഷത്രങ്ങളും തമ്മിലുള്ള കാന്തികബന്ധം കൊണ്ടാണ് സിഗ്നലുകള്‍ വരുന്നതെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഗവേഷകര്‍. എന്നാല്‍ റേഡിയോ സിഗ്നലുകള്‍ ലഭിച്ചുവെന്ന് പറയുന്ന നക്ഷത്രങ്ങള്‍ ഗ്രഹങ്ങളുടെ കേന്ദ്ര നക്ഷത്രങ്ങളാണെന്ന അഭിപ്രായം അവര്‍ക്കില്ല. ഈ ഗ്രഹങ്ങള്‍ ഭൂമിയേക്കാള്‍ വലുതായിരിക്കുമെന്ന നിഗമനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഗവേഷകര്‍ക്കുള്ളത്.