ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപം കൊണ്ട യൂനിസ് കൊടുങ്കാറ്റ് നാളെ യുകെയിൽ ആഞ്ഞടിക്കും. മണിക്കൂറിൽ 80 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അതിനാൽ ഈ വാരാന്ത്യത്തിൽ അത്യാവശ്യമെങ്കിൽ മാത്രം പുറത്തിറങ്ങാൻ ആളുകൾക്ക് നിർദേശം നൽകി. വെള്ളിയാഴ്ച ശക്തമായ കാറ്റ് വീശിയടിക്കുന്നമെന്നതിനാൽ ഇംഗ്ലണ്ടിലും വെയിൽസിലും യെല്ലോ അലേർട്ട് നൽകിക്കഴിഞ്ഞു. ശക്തമായ കാറ്റിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം. ഒപ്പം മരങ്ങൾ കടപുഴകി വീഴാനുള്ള സാധ്യതയുമുണ്ട്.
നാളെ രാവിലെ ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ അതിശക്തമായ കാറ്റ് വീശും. പിന്നീട് ഇത് വടക്ക് കിഴക്ക് പ്രദേശങ്ങളിലേക്ക് നീങ്ങും. കാറ്റിനൊപ്പം കനത്ത മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ മിഡ്‌ലാൻഡ്‌സിലും വടക്കൻ വെയിൽസിലും മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
അതേസമയം ഇന്നും കൂടി വടക്കൻ ഇംഗ്ലണ്ട്, നോർത്ത് വെയിൽസ്, നോർത്തേൺ അയർലൻഡ് , സ്കോട്ടിഷ് അതിർത്തി എന്നിവിടങ്ങളിൽ ഡഡ്‌ലി കൊടുങ്കാറ്റ് 90 മൈൽ വേഗതയിൽ ആഞ്ഞടിക്കും. ഇന്ന് രാവിലെ 9 മണി വരെയാണ് ഡഡ്‌ലി കൊടുങ്കാറ്റിനെക്കുറിച്ചുള്ള ആംബർ അലേർട്ട് വടക്കന്‍ ഇംഗ്ലണ്ടിലും സ്കോട്ട്ലാൻഡിലും നൽകിയിട്ടുള്ളത്.
യൂനിസ് കൊടുങ്കാറ്റ് തീരപ്രദേശങ്ങളിൽ കൂടുതൽ ശക്തി പ്രാപിക്കും. കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ ഉണ്ടാവാനും മേൽക്കൂരകൾ പറന്നു പോകാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫിസ് അറിയിച്ചു. വൈദ്യുതി വിതരണത്തിലും തടസ്സം നേരിട്ടേക്കാം. തുടരെ തുടരെ ഉണ്ടാകുന്ന വലിയ കൊടുങ്കാറ്റുകൾ ബ്രിട്ടനിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ സീസണിൽ ബ്രിട്ടനിൽ ആഞ്ഞടിക്കുന്ന നാലാമത്തെ കൊടുങ്കാറ്റാണ് യൂനിസ്. ജനുവരി അവസാനം മാലിക്, കോറി കൊടുങ്കാറ്റുകൾ രാജ്യത്ത് ആഞ്ഞടിച്ചിരുന്നു. ഈ കൊടുങ്കാറ്റുകളില്‍ സ്റ്റഫോര്‍ഡ്ഷയറിലും അബ്രിഡീനിലും മരം വീണ് രണ്ടുപേര്‍ മരിച്ചു. 2020-ൽ, സിയാറ കൊടുങ്കാറ്റ് സ്കോട്ട്‌ലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയാണ് കടന്നുപോയത്.
Leave a Reply