സ്വന്തം ലേഖകൻ
ലണ്ടൻ : കൊറോണ വൈറസ് കേസുകൾ ബ്രിട്ടനിൽ ഏറുന്നതോടെ രാജ്യം ഏറ്റവും മോശമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്ന് പത്രമാധ്യമങ്ങൾ. മൂന്നു മാസത്തേക്ക് ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. പുറത്തു പോയി ഭക്ഷണം കഴിക്കുന്നതും മേളകൾക്കും ഷോപ്പിങ്ങിനും പോകുന്നത് കുറയ്‌ക്കണമെന്നും ഡെയിലിമെയിൽ പറയുന്നു. സർക്കാർ തങ്ങളുടെ കർമപദ്ധതി പ്രസിദ്ധീകരിച്ചതിനുശേഷം എൻഎച്ച്എസ്, തയ്യാറെടുപ്പുകൾ ശക്തമാക്കി എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൊറോണ വൈറസ് ബാധിതരെ ചികിത്സിക്കാൻ കിടക്കകൾ ആവശ്യമുള്ളതിനാൽ വാർഡുകളെ ഇൻസുലേഷൻ യൂണിറ്റുകളാക്കി മാറ്റാനും വീഡിയോ കോളുകൾ വഴി കഴിയുന്നത്ര രോഗികൾക്ക് ഉപദേശം നൽകാനും ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യുകെയിലെ തൊഴിലാളികളിൽ 20% വരെ രോഗികളായിരിക്കാമെന്ന സർക്കാർ മുന്നറിയിപ്പ് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. രാജ്യം ഏറ്റവും മോശമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന് ഡെയിലി എക്സ്പ്രസ്സ് പറഞ്ഞു. ഒപ്പം സർക്കാരിന്റെ പദ്ധതികളും അവർ വിശദീകരിച്ചിട്ടുണ്ട്. വൈറസ് പൊട്ടിപുറപ്പെടലിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുന്നു. യുഎസ് സെൻട്രൽ ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നതിനെപറ്റി ഫിനാൻഷ്യൽ ടൈംസ് വിശദീകരിക്കുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഓണററി സമ്മാനിക്കുന്നതിനിടെ കയ്യുറകൾ ധരിച്ച രാജ്ഞിയുടെ ഫോട്ടോയാണ് മെട്രോയുടെ മുഖചിത്രം. ഇത്തരമൊന്ന് ആദ്യമായാണെന്ന് അവർ റിപ്പോർട്ടുചെയ്യുന്നു. ഒപ്പം ഇതേ ചിത്രം മറ്റു പത്രങ്ങളുടെയും മുൻപേജിൽ കാണാവുന്നതാണ്. വിരമിച്ച എൻഎച്ച്എസ് സ്റ്റാഫുകളെയും സായുധ സേനയെയും തിരികെ കൊണ്ടുവരാനുള്ള സർക്കാരിന്റെ പദ്ധതികളെ ഡെയ്‌ലി സ്റ്റാർ വിശദീകരിക്കുന്നു. ഒപ്പം പ്രധാനമന്ത്രിയുടെ “പരിഭ്രാന്തകരരുത്” എന്ന സന്ദേശവും.
കൊറോണയെ പിടിച്ചു കെട്ടാൻ പല മുൻകരുതലുകളും സ്വീകരിക്കണം എന്ന വസ്തുതയാണ് എല്ലാ മാധ്യമങ്ങളും മുമ്പോട്ട് വയ്ക്കുന്നത്. കൈ കഴുകുന്നതിലൂടെ, യാത്രകൾ കുറയ്ക്കുന്നതിലൂടെ, കയ്യുറകൾ ധരിക്കുന്നതിലൂടെയൊക്കെ രോഗം പടരുന്നത് തടയാൻ കഴിയുമെന്ന് എല്ലാവരും പറയുന്നുണ്ട്. ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യമാണ് ഇതിലെല്ലാം തെളിഞ്ഞുകാണുന്നത്.
Leave a Reply