ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കോവിഡിന്റെ കടന്നുവരവോടെ നിരവധി വ്യാജ വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടി. പലതും വലിയ രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഉണ്ടായി. വാക്സിൻ വിരുദ്ധ പ്രചാരണം ശക്തമായതോടെ ഒട്ടേറെ പേർ കുത്തിവയ്പ് സ്വീകരിക്കുന്നതിൽ നിന്ന് മാറി നിൽക്കുന്ന അവസ്ഥയും ഉടലെടുത്തു. കൊറോണ വൈറസ് ഡെൽറ്റാ വേരിയന്റ് പിടിപെട്ടു മരിക്കുന്നവരിൽ ഭൂരിഭാഗവും പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചിട്ടുള്ളവരാണെന്ന് കാണിക്കുന്ന കണക്കുകൾ ധാരാളം പേർ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവച്ചിരുന്നു. മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കും വിധത്തിൽ കണക്ക് അവതരിപ്പിച്ചാണ് ഇക്കൂട്ടർ ജനങ്ങളുടെ ഇടയിൽ വേരുറപ്പിക്കുന്നത്. ഇത് നല്ലതിനേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്നാണ് സൈറ്റിൽ പറയുന്നത്.

ജൂലൈ ആദ്യം പുറത്തുവിട്ട പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ട് കണക്കുകൾ പ്രകാരം ഫെബ്രുവരി 1 നും ജൂൺ 22 ഇടയിൽ 92,029 ഡെൽറ്റാ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. അവയിൽ മിക്കതും ജൂണിലാണ് തിരിച്ചറിഞ്ഞത്. ഇതിൽ 58% പേർ വാക്സിൻ ഒരു ഡോസ് പോലും സ്വീകരിക്കാത്തവരാണ്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ശേഷം രോഗം പിടിപെട്ടവർ 8% മാത്രമാണുള്ളത്. ജൂൺ ആരംഭത്തോടെ യുകെയിലെ മുതിർന്നവരിൽ പകുതിയിലധികം പേർക്കും പ്രതിരോധ കുത്തിവയ്പ്പ് പൂർണമായും നൽകിയിരുന്നു.

ആശുപത്രി പ്രവേശനത്തിന്റെയും മരണത്തിന്റെയും കണക്കുകൾ സൃഷ്ടിക്കുന്ന ആശയകുഴപ്പമാണ് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാൽ ഈ കണക്കുകൾ യഥാർത്ഥത്തിൽ ഭയാനകമല്ല. കോവിഡിനെ പൂർണമായി തടയുന്നതിൽ വാക്സിൻ ഇതുവരെ വിജയം കണ്ടിട്ടില്ല. ചെറിയൊരു വിഭാഗം ആളുകൾ ഇപ്പോഴും മരിക്കും. എന്നാൽ മരണനിരക്ക് കുറയ്ക്കാനും പ്രതിരോധശേഷി ഉറപ്പാക്കാനും വാക്സിൻ സഹായിക്കുന്നു. ഇംഗ്ലണ്ടിൽ പ്രതിരോധകുത്തിവയ്പ്പിലൂടെ 27,000ത്തിലേറെ ജീവൻ രക്ഷിക്കാൻ കാരണമായെന്ന് കണക്കാക്കപ്പെടുന്നു.