ആഷ്ഫോർഡ് :- ഇംഗ്ലണ്ടിന്റെ ആരാമമായ കെൻ്റിലെ ഏറ്റവും വലിയ അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഖില യു കെ ക്രിക്കറ്റ് ടൂർണ്ണമെൻറ് വില്ലെസ് ബറോ കെന്റ് റീജിയണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറും.
ആഗസ്റ്റ് 2 ശനിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരം ആഷ്ഫോർഡ് മലയാളി അസോസിയേഷൻറെ (എ എം എ ) പ്രസിഡൻറ് നീനു ചെറിയാൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 9 പ്രശസ്ത ടീമുകൾ 3 ഗ്രൂപ്പുകളിലായി വീറും വാശിയോടും കൂടി ഈ ക്രിക്കറ്റ് ടൂർണമെന്റിൽ മാറ്റുരയ്ക്കപ്പെടുന്നു.
വിജയികളെ കാത്തിരിക്കുന്നത് ആകർഷകങ്ങളായ പുരസ്കാരങ്ങളുടെ നീണ്ട നിരയാണ്. യഥാക്രമം 501 പൗണ്ട്, 251 പൗണ്ട്,101 പൗണ്ട് കൂടാതെ ട്രോഫികളും സമ്മാനമായി നൽകുന്നതാണ്. അതോടൊപ്പം മികച്ച ബാറ്റ്സ്മാനും , മികച്ച ബൗളർക്കും പ്രത്യേക പുരസ്കാരം നൽകുന്നതാണ്.
അന്നേദിവസം രാവിലെ മുതൽ കുട്ടികൾക്കും, മുതിർന്നവർക്കുമായി അസോസിയേഷൻ വിവിധ വിനോദ മത്സരങ്ങൾ, ബൗൺസി കാസിൽ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിൻറെ തനതു വിഭവങ്ങൾ മിതമായ നിരക്കിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നവർക്കും , കാണികൾക്കും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി നാടൻ ഭക്ഷണശാല രാവിലെ മുതൽ അസോസിയേഷൻറെ നേതൃത്വത്തിൽ തുറന്ന് പ്രവർത്തിക്കുന്നു.
വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ ആഷ്ഫോർഡ് മലയാളി അസോസിയേഷൻറെ പ്രസിഡൻ്റും മറ്റ് കമ്മറ്റി അംഗങ്ങളും ചേർന്ന് വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും .
ഈ ടൂർണമെൻറ് വൻ വിജയമാക്കുവാൻ മലയാളി അസോസിയേഷൻറെ എല്ലാ അംഗങ്ങളുടെയും നിസ്സിമമായ സഹകരണവും പങ്കാളിത്തവുമുണ്ടാകണമെന്നും, യുകെയിലെ കായികപ്രേമികളായ എല്ലാ ആൾക്കാരെയും പ്രസ്തുത ദിവസം വില്ലെസ് ബറോ കെന്റ് റീജിയണൽ ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ ഭാരവാഹികളായ നീനു ചെറിയാൻ (പ്രസിഡൻറ്) അജിമോൻ പ്രദീപ് (വൈസ് പ്രസിഡൻ്റ്) റെജി സുനിൽ (സെക്രട്ടറി ) ലിജു മാത്യു (ജോ. സെക്രട്ടറി), ബിജു മാത്യു (ട്രഷറർ) ജോൺസൺ തോമസ് (കൺവീനർ) എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം: –
willesborough Regional Ground
Ashford Kent TN 24 OQH
Leave a Reply