രാഹുല്‍ ഗാന്ധിക്കും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ കമൽനാഥിനും വധഭീഷണിക്കത്ത്. 1984ലെ സിഖ് വിരുദ്ധ കലാപം കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പിതാവ് രാജിവ് ഗാന്ധിയുടെ അതേ ഗതിയാണ് രാഹുലിനെയും കാത്തിരിക്കുന്നതെന്ന് പരാമര്‍ശമുണ്ടെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭാരത് ജോഡോ യാത്ര ഇന്‍ഡോറില്‍ പ്രവേശിക്കുന്ന അന്ന് ഇരുവരെയും ബോംബ് സ്ഫോടനത്തിലൂടെ വധിക്കുമെന്നാണ് ഭീഷണി. ഇന്‍ഡോറിലെ ഒരു പലഹാരക്കടയിലാണ് തപാല്‍മാര്‍ഗം കത്ത് വന്നത്. കത്ത് കടയുടമ പൊലീസിന് കൈമാറി.

കമല്‍നാഥ് നേരിട്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെക്കണ്ട് ജോഡോ യാത്രയ്ക്ക് സുരക്ഷ ആവശ്യപ്പെട്ടതായി കോണ്‍ഗ്രസിന്‍റെ സംസ്ഥാന മാധ്യമവിഭാഗം മേധാവി കെ കെ മിശ്ര പറഞ്ഞു.

രാജ്യത്തിനായി ജീവന്‍ കൊടുത്ത കുടുംബത്തിലെ ഒരംഗത്തിനുകൂടി ഭീഷണി നേരിടുന്നതായും കേന്ദ്ര അഭ്യന്തരവകുപ്പ് വിഷയം ഗൗരവത്തോടെ എടുക്കണമെന്നും കെ.കെ.മിശ്ര ആവശ്യപ്പെട്ടു.