രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ രാഷ്ട്രപതിയ്ക്കായുള്ള ചര്‍ച്ചകള്‍ സജീവമായി. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്കെതിരെ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആലോചന. ഇതിനായി യോജിച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. മഹാത്മാഗാന്ധിയുടെ ചെറുമകനും മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേരാണ് പരിഗണനയിലുള്ളവരില്‍ മുന്‍പന്തിയില്‍. മുന്‍ ഉപപ്രധാനമന്ത്രി ബാബു ജഗ്ജീവന്‍ റാമിന്റെ മകളും, മുന്‍ ലോക്‌സഭാ സ്പീക്കറുമായ മീരാ കുമാറാണ് പ്രതിപക്ഷത്തിന്റെ പരിഗണനയിലുള്ള മറ്റൊരാള്‍. ഐഎഎസുകാരനും നയതന്ത്രജ്ഞനും ബംഗാള്‍ മുന്‍ ഗവര്‍ണറുമായ ഗോപാല്‍ കൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് പൊതുവെ കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും അനുകൂല നിലപാടാണെന്നാണ് സൂചന. ഗോപാല്‍കൃഷ്ണ ഗാന്ധിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ കൂടാതെ എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജെഡിയു അധ്യക്ഷന്‍ ശരദ് യാദവ് എന്നിവരും ഗാന്ധിയുമായി ഇക്കാര്യം സംസാരിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ സംസാരിച്ചെന്നും, എന്നാല്‍ ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലായതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ഗോപാല്‍കൃഷ്ണ ഗാന്ധി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ഇളയമകന്‍ ദേവദാസ് ഗാന്ധിയുടെയും സി.രാജഗോപാലാചാരിയുടെ മകള്‍ ലക്ഷ്മിയുടെയും മകനാണ് 72 കാരനായ ഗോപാല്‍കൃഷ്ണ ഗാന്ധി. 1945 ഏപ്രില്‍ 22 നാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ ജനനം. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഗോപാല്‍കൃഷ്ണ ഗാന്ധി 1968 മുതല്‍ 1992 വരെ ഇന്ത്യന്‍ സിവില്‍ സര്‍വീസില്‍ സേവനമനുഷ്ഠിച്ചു. 1992 ല്‍ അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്ന് സ്വമേധയാ വിരമിക്കുകയായിരുന്നു. 1985 മുതല്‍ 1987 വരെ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായും 1987 മുതല്‍ 1992 വരെ രാഷ്ട്രപതിയുടെ ജോ.സെക്രട്ടറിയായും 1997 ല്‍ രാഷ്ട്രപതിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചി്ട്ടുണ്ട്.
Leave a Reply