കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രനെതിരെ ആരോപണം. എന്‍.സി.പി നേതാവ് ഉള്‍പ്പെട്ട പീഡന പരാതി ഒതുക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് തന്നെയാണ് പരാതിയുമായി രംഗത്തെത്തിയത്. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശശീന്ദ്രന്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച ഫോണ്‍ റെക്കോര്‍ഡ് പുറത്തുവന്നു.ഹോട്ടല്‍ ഉടമയും എന്‍.സി.പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമായ ജി.പത്മാകരനെതിരായ പരാതി ഒതുക്കാനാണ് മന്ത്രി പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ചത്. പത്മാകരന്‍ പെണ്‍കുട്ടിയുടെ കൈയ്ക്ക് കയറി പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉള്‍പ്പെടുത്തി പത്മകരന്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പിന്‍വലിക്കുകയും മാപ്പ് പറയണമെന്നും പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. എന്നാല്‍ അപവാദ പ്രചാരണം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
എന്‍.സി.പി പ്രവര്‍ത്തകനാണ് പെണ്‍കുട്ടിയുടെ പിതാവ്. ഇദ്ദേഹത്തെ വിളിച്ച മന്ത്രി പാര്‍ട്ടിയില്‍ ചെറിയ വിഷയമുണ്ട് അത് തീര്‍ക്കണമെന്ന് പറയുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ പ്രശ്‌നമില്ലെന്ന് കുട്ടിയുടെ പിതാവ് പറയുമ്പോള്‍ പാര്‍ട്ടിക്കാര്‍ക്കെതിരായ കേസ് എന്ന് മന്ത്രി തിരുത്തിപറയുന്നു. തന്റെ മകളെ പത്മാകരന്‍ കയറിപ്പിടിച്ച കേസാണോ എന്ന് ചോദിക്കുമ്പോള്‍ ‘അത് തന്നെ, അത് നല്ല നിലയില്‍ തീര്‍ക്കണം. പരിഹരിക്കണം’. എന്ന് പറയുന്നു. നല്ല നില എങ്ങനെയാണെന്ന് ചോദിക്കുമ്പോള്‍ ‘അത് നിങ്ങള്‍ക്കറിയാമല്ലോ. അത് തീര്‍ത്തിട്ട് ഇനി പിന്നീട് സംസാരിക്കാമെന്നും’ മന്ത്രി പറയുന്നു.മാര്‍ച്ച് മാസത്തില്‍ നടന്ന സംഭവത്തിലാണ് പത്മാകരന്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. തന്റെ സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയ പത്മാകരന്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ഈ സമയം പെണ്‍കുട്ടിയുടെ പിതാവും സഹോദരനും നാട്ടിലുണ്ടായിരുന്നില്ല. ഈ വിവരം പെണ്‍കുട്ടി സുഹൃത്തിനോട് മാത്രമാണ് പറഞ്ഞത്. എന്നാല്‍ നാണക്കേടാണ് പുറത്തുപറയേണ്ട എന്ന് പറഞ്ഞ് അത് അവസാനിപ്പിച്ചു. എന്നാല്‍ പത്മാകരന്‍ തന്റെ മകളുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായി പ്രചരിപ്പിച്ചതോടെയാണ് ജൂണ്‍ 28ന് പരാതി നല്‍കിയതെന്നും പിതാവ് പറയുന്നു.
കുണ്ടറ സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്.പോലീസ് ആവശ്യപ്പെട്ട പ്രകാരം തൊട്ടടുത്ത തിങ്കളാഴ്ച സ്‌റ്റേഷനില്‍ എത്തിയ തന്നെയും മകളെയും എതിര്‍ കക്ഷികള്‍ വരട്ടെ എന്ന് പറഞ്ഞ് ഗേറ്റിനു പുറത്തുനിര്‍ത്തി. ഈ സമയം സി.ഐ അവിടെ ഉണ്ടായിരുന്നില്ല. 12 മണിവരെ പുറത്തുനിര്‍ത്തി പറഞ്ഞുവിട്ടു. എതിര്‍കക്ഷികള്‍ വന്നു പറയാനുള്ളത് സി.ഐയോട് പറഞ്ഞുവെന്നാണ് പോലീസുകാര്‍ അറിയിച്ചത്. തങ്ങളെ പിന്നീട് വിളിപ്പിക്കാമെന്ന് പറഞ്ഞ് മടക്കിയയച്ചു. എന്നാല്‍ താന്‍ അവിടെനിന്ന് തിരിച്ചുപോരുന്നവരെ സി.ഐ സ്‌റ്റേഷനില്‍ വന്നിട്ടില്ല. എതിര്‍കക്ഷികളും വന്നിട്ടില്ലെന്നും പിതാവ് പറഞ്ഞു.
പരാതിയുടെ രസീത് പോലീസുകാരുടെ വാട്‌സ്ആപ്പില്‍ ഇട്ടതോടെ എസ്.പി ഇടപെട്ടു. ഉടന്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞു. എന്നാല്‍ ആറ് ദിവസമായി ഇതുവരെ നടപടി വന്നിട്ടില്ല. സി.ഐയോട് ചോദിക്കുമ്പോള്‍ കേസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്ന മറുപടിയാണ് കിട്ടുന്നതെന്നും പിതാവ് പറഞ്ഞു.
എന്‍.സി.പി ജില്ലാ പ്രസിഡന്റിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ ആദ്യമൊന്നും ഇടപെടാന്‍ തയ്യാറാകാത്ത നേതാക്കള്‍ മന്ത്രി വിളിച്ചതിനു ശേഷം തന്നെവിളിച്ച് ഭീഷണി മുഴക്കി. പത്മാകരനോട് കളിച്ചാല്‍ പ്രത്യാഘാതമുണ്ടാകും. പത്മാകരന്‍ ഏതു കളിയും കളിക്കുമെന്നും പറഞ്ഞു. മന്ത്രി കേസില്‍ ഇടപെട്ടതുകൊണ്ടാണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും പിതാവ് പറയുന്നു.അതേസമയം, പീഡന പരാതിയാണെന്ന് അറിയാതെയാണ് ഇടപെട്ടതെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കാരെകുറിച്ച് കേട്ടപ്പോള്‍ വിളിച്ച് വിവരം തിരക്കുകയാണ് ചെയ്തത്.
Leave a Reply