ഏറ്റൂമാനൂരില്‍ അമ്മയും രണ്ട് പെണ്‍മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ സഹോദരനെതിരേയും ആരോപണം. യുവതിയെയും രണ്ടുമക്കളെയും ആത്മഹത്യയിലേക്ക് തള്ളിവിട്ടതിന് പിന്നില്‍ വൈദികനായ ഭര്‍തൃസഹോദരനും പങ്കുണ്ടെന്ന ആരോപണമാണ് ശക്തമാകുന്നത്. അതേസമയം, സംഭവത്തില്‍ വിദേശത്തുള്ള വൈദികന്റെ പങ്കിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. അമ്മയും മക്കളും ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവായ നോബി ലൂക്കോസിനെ മാത്രമാണ് പോലീസ് നിലവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
തൊടുപുഴ ചുങ്കംചേരിയില്‍ വലിയപറമ്പില്‍ നോബി ലൂക്കോസി(44)ന്റെ ഭാര്യ ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവരാണ് തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആത്മഹത്യയുമായി ബന്ധപ്പെട്ട് നോബി ലൂക്കോസിനെ കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതിനിടെ, ജീവിതത്തില്‍ കടുത്ത സമ്മര്‍ദം അനുഭവിച്ചിരുന്നതായും ഭര്‍ത്താവ് വിവാഹമോചനത്തിന് സഹകരിക്കുന്നില്ലെന്നും വ്യക്തമാക്കിയുള്ള ഷൈനിയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് ഷൈനി സുഹൃത്തിന് അയച്ച സന്ദേശമാണ് പുറത്തുവന്നത്. ഒരുപാട് ശ്രമിച്ചിട്ടും നാട്ടില്‍ ജോലികിട്ടുന്നില്ലെന്നും വിവാഹമോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
നോബിയുടെയും ഷൈനിയുടെയും വീട്ടില്‍ കുടുംബപ്രശ്‌നങ്ങളുണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റായ കെ.കെ. തോമസ് മാതൃഭൂമി ന്യൂസിലെ ചര്‍ച്ചയില്‍ വെളിപ്പെടുത്തി. ”നോബി മൂന്നുമാസം ജോലി കഴിഞ്ഞാല്‍ മൂന്നുമാസം അവധിക്ക് വരും. കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പറഞ്ഞുകേട്ടിരുന്നു. ഷൈനി സ്വന്തംവീട്ടിലേക്ക് പോയി രണ്ടാംദിവസമാണ് കുടുംബശ്രീ വഴി ഇതെല്ലാം അറിയുന്നത്. അപ്പോള്‍ ഷൈനിയെ വിളിച്ചുചോദിച്ചു. എനിക്ക് ഒരു ജോലി വേണം എന്നാണ് ഷൈനി പറഞ്ഞത്. ജോലിയില്‍ 12 വര്‍ഷത്തെ ഇടവേള വന്നതിനാല്‍ അതിനായി ഒരു സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവിടെ പാലിയേറ്റീവില്‍ ഷൈനി പലതവണ വരാറുണ്ട്. അതിന്റെ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞു. അതുനല്‍കി. എന്നാല്‍, അതുകൊടുത്തിട്ടും ജോലി നിഷേധിക്കപ്പെട്ടതായാണ് പറയുന്നത്. വൈദികനുള്ള ഒരു കുടുംബത്തിലെ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് തന്നെ നേരത്തെ ഇടപെട്ട് പരിഹരിക്കാമായിരുന്നു. ഷൈനിക്കും കുട്ടികള്‍ക്കും നീതികിട്ടാനായി എല്ലാവിധ പിന്തുണയും വീട്ടുകാര്‍ക്ക് ഉറപ്പുനല്‍കുന്നു”, അദ്ദേഹം പറഞ്ഞു
ഏറ്റുമാനൂരിന് സമീപം പാറോലിക്കലില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഷൈനി(42), മക്കളായ അലീന(11), ഇവാന(10) എന്നിവര്‍ തീവണ്ടിക്ക് മുന്നില്‍ ചാടി ജീവനൊടുക്കിയത്. റെയില്‍പാളത്തിലേക്ക് ചാടിയ അമ്മയും മക്കളും ലോക്കോ പൈലറ്റ് നിരന്തരം ഹോണ്‍ മുഴക്കിയിട്ടും പാളത്തില്‍നിന്ന് മാറിയിരുന്നില്ല. അമ്മയെ ചേര്‍ത്തുപിടിച്ചാണ് രണ്ടുമക്കളും പാളത്തിലിരുന്നത്. പിന്നാലെ ട്രെയിന്‍ ഇവരെ ഇടിച്ചിട്ടുകടന്നുപോയി. ഉടന്‍തന്നെ ലോക്കോ പൈലറ്റ് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തിയപ്പോള്‍ ചിതറിയനിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ മരിച്ചത് ഷൈനിയും മക്കളുമാണെന്ന് തിരിച്ചറിഞ്ഞു.
കുടുംബപ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമായതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഷൈനിയുടെ ഭര്‍ത്താവ് നോബി മര്‍ച്ചന്റ് നേവി ജീവനക്കാരനാണ്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഒമ്പതുമാസമായി ഷൈനിയും രണ്ടുമക്കളും പാറോലിക്കലിലെ വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇവരുടെ മറ്റൊരു മകനായ എഡ്വിന്‍ (14)എറണാകുളത്ത് സ്പോര്‍ട്‌സ് സ്‌കൂളില്‍ പഠിക്കുകയാണ്. ബി.എസ്.സി. നഴ്സിങ് ബിരുദധാരിയായ ഷൈനി നാട്ടില്‍ ജോലിക്ക് ശ്രമിച്ചുവരുകയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Leave a Reply