നടന്‍മാരായ പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും ആഡംബര കാറോട്ട മത്സരം നടത്തിയെന്ന് പരാമര്‍ശിച്ച് വീഡിയോ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊച്ചി-കോട്ടയം – ഏറ്റുമാനൂര്‍ റൂട്ടില്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനിയും ദുല്‍ഖറിന്റെ പോര്‍ഷെയും അമിത വേഗതയില്‍ മത്സരയോട്ടം നടത്തിയെന്ന വാദവുമായാണ് വീഡിയോ പുറത്തുവന്നത്. എന്നാല്‍ വിഷയത്തില്‍ അന്വേഷണം നടത്തുന്ന കാര്യം എറണാകുളം ആര്‍ടിഒ ഷാജി സ്ഥിരീകരിച്ചു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിക്കുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

എംസി റോഡില്‍ ഇവരുടെ കാറുകള്‍ അമിതവേഗതയില്‍ പാഞ്ഞെന്നാണ് പറഞ്ഞുകേട്ടത്. ഇതിന്റെയടിസ്ഥാനത്തില്‍ ഈ റോഡിലെ ക്യാമറകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വാഹനങ്ങള്‍ കടന്നുപോകുന്നതായി കാണാന്‍ സാധിച്ചിട്ടില്ല. മറ്റ് സ്ഥലങ്ങളിലെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ല. വൈറലായ വീഡിയോയില്‍ ക്ലാരിറ്റിക്കുറവുണ്ട്. അത് വെച്ച് അമിത വേഗമാണെന്ന് സ്ഥിരീകരിക്കാനോ കേസെടുക്കാനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഹനങ്ങള്‍ പോയ റോഡ് ഏതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം വിശദീകരിക്കുന്നു. അതേസമയം നടന്‍മാര്‍ക്കെതിരെ കേസെടുത്തുവെന്ന പ്രചരണം ഇതോടെ പൊളിയുകയാണ്. വീഡിയോയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നേയുള്ളൂവെന്നാണ് ആര്‍ടിഒ വ്യക്തമാക്കുന്നത്. നടന്‍മാരുടേതായി പറയപ്പെടുന്ന ആഡംബര കാറുകളെ രണ്ട് യുവാക്കള്‍ ബൈക്കില്‍ പിന്‍തുടര്‍ന്ന് വീഡിയോ പകര്‍ത്തുകയായിരുന്നു. കാറിലുള്ളത് പൃഥ്വിയും ദുല്‍ഖറുമാണെന്ന് ഇവര്‍ പറയുന്നുമുണ്ട്. വിഷയത്തില്‍ വസ്തുതകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടശേഷം തുടര്‍ നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്.