ന്യൂസ് ഡെസ്ക് , മലയാളം യുകെ
ലണ്ടൻ : ഭക്ഷണമോ മരുന്നോ സ്വീകരിക്കുമ്പോൾ സാരമായ അലർജി പ്രശ്നം ഉള്ളവരോട് ഫൈസർ-ബയോൺടെക് കോവിഡ് വാക്സിൻ ഒഴിവാക്കാൻ മെഡിക്കൽ റെഗുലേറ്ററുടെ നിർദേശം. വാക്സിൻ സ്വീകരിച്ച 2 ആരോഗ്യപ്രവർത്തകർക്ക് അലർജി കൂടിയതിനെത്തുടർന്നാണിത്. വാക്സിൻ സ്വീകരിച്ച രണ്ട് പേർക്കും ത്വക്കിൽ അസ്വസ്ഥതയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു. നേരത്തെ സാരമായ അലർജി പ്രശ്നങ്ങൾ ഉള്ളവരാണ് ഇരുവരും. വാക്സിനേഷന്റെ ആദ്യ ദിനം രോഗപ്രതിരോധ കുത്തിവയ്പ് നടത്തിയ ശേഷം രണ്ട് എൻഎച്ച്എസ് ഉദ്യോഗസ്ഥർക്ക് അലർജി അനുഭവപ്പെട്ടുവെന്ന റിപ്പോർട്ടിനെത്തുടർന്ന് രാജ്യത്തുടനീളം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഫൈസർ – ബയോൺടെക് വാക്സിനെക്കുറിച്ചുള്ള പൊതു പരിഭ്രാന്തി ഇല്ലാതാക്കാൻ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ശ്രമിച്ചു. ഇതിനെത്തുടർന്നാണ് അലർജി പ്രശ്നങ്ങൾ ഉള്ളവർ വാക്സിൻ ഒഴിവാക്കണമെന്ന് റെഗുലേറ്റർ നിർദേശിച്ചത്.
എൻഎച്ച്‌എസിന്റെ കണക്കനുസരിച്ച് രാജ്യത്ത് എഴുപത് ലക്ഷം ആളുകൾക്ക് അലർജിയുണ്ടെങ്കിലും വാക്സിൻ ഒഴിവാക്കേണ്ടവരുടെ കൃത്യമായ എണ്ണം അറിയില്ല. അതേസമയം 250,000 ആളുകൾ എല്ലായ്പ്പോഴും ഒരു എപിപെൻ വഹിക്കേണ്ടതുണ്ട്. പേര് വെളിപ്പെടുത്താത്ത രണ്ട് ആരോഗ്യ പ്രവർത്തകർക്കും അടിയന്തിര ചികിത്സ ആവശ്യമാണെന്നും ഇപ്പോൾ അവർ സുഖം പ്രാപിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. രണ്ട് അലർജി കേസുകൾ ഉണ്ടായിരുന്നിട്ടും, യുകെയിലുടനീളം പ്രതിദിനം 5,000 മുതൽ 7,000 വരെ ആളുകൾക്ക് വാക്സിനേഷൻ നൽകുന്നത് സർക്കാർ തുടരുകയാണ്. വാക്സിൻ ഉപയോഗിക്കാൻ അംഗീകാരം നൽകിയ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്‌ആർഎ) എല്ലാ 50 എൻഎച്ച്എസ് ട്രസ്റ്റുകൾക്കും മുൻകരുതൽ ഉപദേശം നൽകിയിട്ടുണ്ട്. ഇനി മുതൽ വാക്സീൻ സ്വീകരിക്കുന്നവരോട് അലർജിയുണ്ടോയെന്ന് അന്വേഷിക്കാൻ എൻ എച്ച് എസ് നിർദേശിച്ചിട്ടുണ്ട്. അലർജി മൂലമുള്ള ഇത്തരം സംഭവങ്ങൾ ഏതു വാക്സീനിലും സാധാരണമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
മുൻകരുതൽ നടപടിയെന്ന നിലയിൽ, ഓരോ കേസും അതിന്റെ കാരണങ്ങളും പൂർണ്ണമായി മനസ്സിലാക്കുന്നതിനായി എംഎച്ച്‌ആർഎ അന്വേഷണം നടത്തുന്നുണ്ട്. ഫൈസറും ബയോൺടെക്കും അന്വേഷണത്തിൽ എംഎച്ച്‌ആർഎയെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം ഫൈസർ യുഎസിൽ നടത്തിയ ട്രയലിൽ, വാക്സിൻ നൽകിയ 19,000 ത്തിൽ 137 പേർക്ക് അലർജി അനുഭവപെട്ടിരുന്നു.
Leave a Reply