കെന്റ്: രാസവസ്തുക്കള്‍ തളിച്ച 100 കിലോഗ്രാം സ്‌ട്രോബെറി മോഷണം പോയതായി പോലീസ്. കെന്റിലെ ഫാമില്‍ നിന്നാണ് ഇവ മോഷ്ടിക്കപ്പെട്ടത്. പഴങ്ങള്‍ വേഗം വളരുന്നതിനായി അടുത്തിടെ രാസവസ്തു തളിച്ചതാണ് ഇവയെന്നും ഉപയോഗിച്ചാല്‍ വയറിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. 100 കിലോഗ്രാം സ്‌ട്രോബെറിക്ക് ഏകദേശം 300 പൗണ്ട് വില വരും. ബ്രെക്‌സിറ്റ് മൂലം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ തൊഴിലാളികള്‍ കൂട്ടത്തോടെ വിട്ടുപോകുന്നതിനാല്‍ സ്‌ട്രോബെറി കൃഷി ചെലവേറിയതായി മാറിയിട്ടുണ്ട്. ഇതുമൂലം പഴങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്യുന്നു.

വിലക്കയറ്റം മോഷ്ടാക്കള്‍ക്ക് ഇവയില്‍ താല്‍പര്യം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. മുമ്പും ഇതേ ഫാമില്‍ നിന്ന് മോഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍തന്നെയാണ് ഈ സംഭവത്തിനു പിന്നിലെന്ന് കരുതുന്നതായും പോലീസ് അറിയിച്ചു. എന്നാല്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താറായ പഴങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ ഈ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളേക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നവര്‍ ചോദിക്കുന്നു.

ഒരു വളര്‍ച്ചാ സഹായിയാണ് ഈ പഴങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ് വര്‍ക്ക് എന്ന ആക്റ്റിവിസ്റ്റ് ഗ്രൂപ്പ് അംഗമായ കെയ്ത്ത് ടൈറല്‍ പറഞ്ഞു. സ്‌ട്രോബെറിയില്‍ വിളവ് വര്‍ദ്ധിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ചെടിയുടെ വളര്‍ച്ചാഘട്ടത്തില്‍ മാത്രമാണ് ഇത് പ്രയോഗിക്കുന്നത്. ഇത് പഴങ്ങളില്‍ ഉപയോഗിച്ചു എന്നത് വളരെ വിചിത്രമായി തോന്നുന്നുവെന്നും വളരെ അപകടകാരിയായ രാസവസ്തുവാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. ക്യാന്‍സറിനും പാര്‍ക്കിന്‍സണ്‍സ് രോഗത്തിനും ഇത് കാരണമാകാമെനന്നും അവര്‍ പറഞ്ഞു.