അലയന്‍സ് യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ അയ്യപ്പദൊരെയുടെ കൊലപാതകത്തില്‍ ചാന്‍സലറടക്കം രണ്ട് പേര്‍ അറസ്റ്റില്‍. സര്‍വകലാശാലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചാന്‍സലര്‍ സുധീര്‍ അംഗൂറിനെയും, സാഹായി സൂരജ് സിങിനെയും ബെംഗളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തു.
അലയന്‍സ് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചാന്‍സലര്‍ സുധീര് അംഗൂറും സഹോദരന് മധുകര്‍ അംഗൂറും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കമാണ് ഡോ അയ്യപ്പ ദൊരെയുടെ ജീവനെടുത്തത്. ചാന്‍സലര്‍ സുധീര്‍ അംഗൂറിന്‍റെ സഹായിയും ഒാഫീസ് എക്സിക്യൂട്ടീവുമായ സൂരജ് സിങ് പിടിയുലായതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ചൊവ്വാഴ്ച രാത്രി അത്താഴത്തിന് ശേഷം നടക്കാനിറങ്ങിയപ്പോഴാണ് ബെംഗളൂരു ആര്‍ ടി നഗറിലെ എച്ച് എം ടി ഗ്രൗണ്ടില്‍ വച്ച് ഡോ അയ്യപ്പ ദൊരെയെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
സംഭവം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ…..
അലയന്‍സ് യൂണിവേഴ്സിറ്റിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ചാന്‍സലര്‍ സുധീര് അംഗൂറും സഹോദരന് മധുകര്‍ അംഗൂറും തമ്മില്‍ ഏറെ നാളായി തര്‍ക്കത്തിലായിരുന്നു. ഇവര്‍ തമ്മില്‍ 25 സിവില്‍ കേസുകള്‍ നിലവിലുണ്ട്. തര്‍ക്കത്തിനൊടുവില്‍ മധുകറിന് അനുകൂലമായി വിധി വന്നു. ഇതേത്തുടര്‍ന്നാണ് മധുകറിനെയും, ഇയാളുടെ സുഹൃത്തും മുന്‍ വൈസ് ചാന്‍സലറുമായ ഡോ അയ്യപ്പ ദൊരെയും കൊലപ്പെടുത്താന്‍ ഗൂഡാലോചന തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി 4 മാസം മുന്‍പാണ് സൂരജ് സിങ്ങിനെ എക്സിക്യൂട്ടീവ് ഒാഫീസറായി നിയമിച്ചത്. സുധീറിന്‍റെ നിര്‍ദേശപ്രകാരം ക്രിമിനല്‍ പശ്ചാത്തലമുള്ള 4 പേരെ ക്വട്ടേഷന്‍ ഏല്‍പിച്ചു.
ഒരു കോടി രൂപയായിരുന്നു വാഗ്ദാനം. ഇതിന് പിന്നാലെ അക്രമികള്‍ രാത്രി നടത്തത്തിനിറങ്ങിയ ഡോ അയ്യപ്പ ദൊരെയെ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചാന്‍സലര്‍ സുധീര്‍ അംഗൂറിനെയും, സാഹായി സൂരജ് സിങിനെയും ബെംഗളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റുചെയ്തെങ്കിലും , ക്വട്ടേഷന്‍ സംഘത്തെ ഇനിയും പിടികൂടാനായിട്ടില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ഉൗര്‍ജിതമാക്കിയതായി ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ ഭാസ്കര്‍ റാവു പറഞ്ഞു
Leave a Reply