ഡോ. ഷർമദ്‌ ഖാൻ

വണ്ണം കുറയ്ക്കുവാൻ എളുപ്പമാർഗ്ഗം തേടുന്നവരുടെ എണ്ണം കൂടിവരുന്നു. ഭക്ഷണനിയന്ത്രണമോ വ്യായാമമോ നല്ല ശീലങ്ങളോ ഒന്നും പറ്റില്ല. പകരം ഗുളിക വല്ലതും തന്നാൽ കഴിക്കാം എന്നാണ് പലരും ഡോക്ടറെ സമീപിക്കുമ്പോൾ പറയുന്നത്.വണ്ണം കുറയ്ക്കണമെന്ന് തീവ്രമായ ആഗ്രഹം ഉള്ളവർ പോലും അൽപദിവസം അതിനായുള്ള പരിശ്രമങ്ങൾ നടത്തുന്നതല്ലാതെ അവ തുടർച്ചയായി ശ്രദ്ധിക്കുന്നില്ലെന്നു കാണാം.

ചിലതരം തൈറോയ് ഡ് രോഗങ്ങൾ, ചില മരുന്നുകൾ, ജനിതക വൈകല്യങ്ങൾ, അമിതഭക്ഷണം, പാരമ്പരൃം, ജീവിതശൈലി വ്യതിയാനങ്ങൾ, അദ്ധ്വാനം വളരെ കുറവുള്ള ജീവിത രീതിയും ജോലിയും എന്നിവയെല്ലാം വണ്ണം കൂടുവാൻ കാരണമാകുന്നു.ശരീരത്തിന്റെ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുന്നു. എന്നാൽ പൊണ്ണത്തടിയുള്ള പലരും അത് കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ബോധവാന്മാരല്ല. അവർ ഇപ്പോഴും ഡോക്ടറെ സമീപിക്കുന്നത് കുടവയർ കുറയ്ക്കുവാൻ വല്ല മരുന്നോ ഒറ്റമൂലി പ്രയോഗമോ ഉണ്ടോ എന്ന് അന്വേഷിക്കുവാനാണ്.

വണ്ണക്കൂടുതൽ എന്നതിൻറെ അടുത്ത ഘട്ടമാണ് പൊണ്ണത്തടി. നിരവധി രോഗങ്ങൾക്ക് കാരണമാകുമെന്നതിനാലും, ജീവിതനിലവാരം ഗണ്യമായ രീതിയിൽ തകിടം മറിക്കുവാൻ സാധ്യതയുള്ളതുകൊണ്ടും, പല രോഗങ്ങളുടെയും കൂട്ടത്തിൽ പൊണ്ണത്തടി കൂടി ഉണ്ടെങ്കിൽ ചികിത്സ തന്നെ ദുഷ് കരമാകും എന്നതിനാലും ചെറിയ പ്രായം മുതൽ വണ്ണം അമിതമായി വർദ്ധിക്കാതിരിക്കുവാൻ പ്രയത്നിച്ചു കൊണ്ടിരിക്കുക തന്നെ വേണം. കുട്ടികൾക്ക് വണ്ണമുണ്ടെങ്കിൽ ആരോഗ്യമുണ്ട് എന്ന രക്ഷിതാക്കളുടെ വിചാരം മാറ്റണം.

ഉപവാസം, പ്രസവം എന്നിവയ്ക്കുശേഷം ശരീരത്തെ പോഷിപ്പിക്കുന്ന ആഹാരം ശീലിക്കുകയും അദ്ധ്വാനം കുറയ്ക്കുകയും ചെയ്താൽ കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ കാണും എന്ന് തന്നെ പറയേണ്ടി വരും. അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണം ഉപയോഗിക്കുന്നത് കാരണമുണ്ടാകുന്ന നെഞ്ചിരിച്ചിൽ വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇടയ്ക്കിടയ്ക്ക് ധാരാളമായി ഭക്ഷണം കഴിക്കുന്നവർക്ക് വണ്ണം വർദ്ധിക്കുകതന്നെ ചെയ്യും.

വണ്ണം കുറയണമെന്ന് ആഗ്രഹമുള്ളവർ ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങൾ, മാംസം,തണുപ്പിച്ച ഭക്ഷണം, മധുരം,പകലുറക്കം എന്നിവ പരമാവധി ഒഴിവാക്കണം.പായസം, ഉഴുന്ന്, ഏത്തപ്പഴം, പാലുൽപ്പന്നങ്ങൾ, മുട്ട, എണ്ണയിൽ വറുത്തവ എന്നിവയും വളരെ മിതമായി മാത്രമേ ഉപയോഗിക്കാവൂ.

വ്യായാമമില്ലായ്മ, ഭക്ഷണ നിയന്ത്രണമില്ലായ്മ, ശരിയല്ലാത്ത ജീവിതചര്യ, അമിത വണ്ണത്തിന് കാരണമാകുന്ന മരുന്നുകളുടെ ഉപയോഗം എന്നിവയ്ക്ക് ദീർഘനാൾ ശ്രദ്ധയോടെപരിഹാരം തേടുന്നവർക്ക് ആകർഷകമായ ആ കൃതിയോടെ ആരോഗ്യവാനായി ജീവിക്കാം.

 

 

ഡോ. ഷർമദ്‌ ഖാൻ

സീനിയർ മെഡിക്കൽ ഓഫീസർ

ആയുർവേദ ദിസ്പെന്സറി

ചേരമാൻ തുരുത്ത്

തിരുവനന്തപുരം .