ലണ്ടന്‍: പുതുക്കിയ കരാര്‍ വ്യവസ്ഥകള്‍ക്കെതിരേ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ഇരുപത്തിനാലു മണിക്കൂര്‍ സമരം ആരംഭിച്ചു. രണ്ടാം ഘട്ട സമരമാണ് നടക്കുന്നത്. സമരത്തെ തുടര്‍ന്ന് അടിയന്തരമല്ലാത്ത 2884 ശസ്ത്രക്രിയകള്‍ റദ്ദാക്കി. നിരവധി കണ്‍സള്‍ട്ടേഷനുകളും റദ്ദാക്കിയിട്ടുണ്ട്. 45,000 ജൂനിയര്‍ ഡോക്ടര്‍മാരാണ് സമരരംഗത്തുളളത്. സര്‍ക്കാരും ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും തമ്മിലുളള ചര്‍ച്ച ഫലം കാണാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് നീങ്ങിയത്. സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കരാറുകള്‍ അടുത്ത ആഗസ്റ്റ് മുതലാണ് ബാധകമാകുക. തങ്ങള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ നിരാകരിച്ചതായി കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആരോപിച്ചിരുന്നു. തികച്ചും പ്രായോഗികമായ പരിഹാരങ്ങളാണ് തങ്ങള്‍ നിര്‍ദേശിച്ചത്. രാഷ്ട്രീയക്കളികളും അധികാരികളുടെ അഹങ്കാരവുമാണ് തങ്ങളുടെ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയതെന്നും ഇവര്‍ ആരോപിക്കുന്നു. സാല്‍ഫോര്‍ഡ് റോയല്‍ എന്‍എച്ച്എസ് ഫൗണ്ടേഷനിലെ ചീഫ് എക്‌സിക്യൂട്ടീവ് സര്‍ ഡേവിഡ് ഡാല്‍ട്ടണ്‍ അധികൃതരുമായി സമരം ഒഴിവാക്കാനായി അവസാന വട്ടശ്രമവും നടത്തിയതാണ്. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല.
അനൗദ്യോഗിക ചര്‍ച്ചകള്‍ ചൊവ്വാഴ്ച അവസാനിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതോടെ സമരം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് ബിഎംഎ വ്യക്തമാക്കിയിരുന്നു. അടിയന്തര സേവനങ്ങള്‍ ലഭ്യമാകുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കണ്‍സള്‍ട്ടന്റുമാര്‍ക്ക് താഴെയുളള ജൂനിയര്‍ ഡോക്ടര്‍മാരാകും അടിയന്തര സേവനങ്ങള്‍ ഇന്ന് കാലത്ത് എട്ട് മണിമുതല്‍ നല്‍കുക. സ്‌പെഷ്യലിസ്റ്റ് സേവനങ്ങളില്‍ തുടരാന്‍ അപേക്ഷ നല്‍കിയിട്ടുളള ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി സൂചന ലഭിച്ചതോടെയാണ് സമരം അത്യാവശ്യമാണെന്ന ഘട്ടത്തിലേക്ക് ഡോക്ടര്‍മാര്‍ എത്തിയത്. പ്രശ്‌നം നിയമനത്തെയും സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ഇപ്പോള്‍ തന്നെ മതിയായ ജീവനക്കാരില്ലാത്ത എന്‍എച്ച്എസിന് ഈ കണക്കുകള്‍ വന്‍ പ്രഹരമാകുമെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ ആഗസ്റ്റില്‍ തുടങ്ങുന്ന സ്‌പെഷ്യലിസ്റ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചിട്ടുളള ഡോക്ടര്‍മാരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 1251 പേരുടെ കുറവുണ്ട്. ഇക്കൊല്ലം കോഴ്‌സിന് അപേക്ഷിച്ചിട്ടുളളത് വെറും 15,855 പേര്‍ മാത്രമാണ്. 2013ലേതിനേക്കാള്‍ 9.2 ശതമാനം കുറവാണ് ഇക്കൊല്ലം രേഖപ്പെടുത്തിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം 16308 പേര്‍ അപേക്ഷിച്ചിരുന്നു. ഇതില്‍ നിന്ന് ഇക്കൊല്ലം കുറഞ്ഞത് 453 പേരാണ്. അതായത് ഇക്കൊല്ലം 2.8 ശതമാനം കുറവുണ്ടായി.
ഫാമിലി ഡോക്ടര്‍മാരാകാന്‍ അപേക്ഷിച്ചിട്ടുളള എഫ്2 ഡോക്ടര്‍മാരുടെ എണ്ണത്തിലും കുറവുണ്ട്. 4863 പേര്‍ മാത്രമാണ് ഇത്തരത്തില്‍ ജിപി ആകാന്‍ അപേക്ഷിച്ചിട്ടുളളത്. 2013ല്‍ 6447 പേര്‍ അപേക്ഷിച്ചിരുന്നു. അതില്‍ നിന്ന് 24.65ശതമാനം പേര്‍ ഇത്തവണ കുറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിഎംഎയും എന്‍എച്ച്എസും മുന്നോട്ട് വച്ച നിര്‍ദേശങ്ങളോട് ആരോഗ്യവകുപ്പ് സെക്രട്ടറി ജെറെമി ഹണ്ടിന് വ്യക്തിപരമായി താത്പര്യമില്ലായിരുന്നുവെന്നാണ് സൂചന. അഞ്ച് മാസമായി തുടരുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ കരാറിന് കഴിയുമായിരുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ശനിയാഴ്ചത്തെ വേതനക്കാര്യത്തില്‍ ധാരണയാകാതെ ഡോക്ടര്‍മാര്‍ നിര്‍ദേശങ്ങള്‍ അപ്പാടെ അംഗീകരിക്കാനാകില്ലെന്നാണ് ഹൗസ് ഓഫ് കോമണ്‍സില്‍ ഹണ്ട് അറിയിച്ചത്. ഇക്കാര്യത്തില്‍ ബിഎംഎ നിലപാട് മയപ്പെടുത്തിയാല്‍ ചര്‍ച്ച തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും ഹണ്ട് വ്യക്തമാക്കുന്നു.