ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എനർജി ബില്ലിലെ കുതിച്ചു കയറ്റം സാധാരണ ജനങ്ങളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വളരെ നാളുകളായി. അല്പം ശ്രദ്ധിച്ചാൽ ഊർജ്ജബില്ലുകളിൽ സാരമായ കുറവ് വരുത്താനുള്ള പദ്ധതി യുകെയിൽ ഉടൻ നടപ്പിൽ വരും. തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി ഉപയോഗം വെട്ടി കുറച്ചാൽ വൈദ്യതി ലാഭിക്കാനുള്ള പദ്ധതി രണ്ടാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കും എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു.

പീക്ക് ടൈമിൽ വാഷിംഗ് മെഷീൻ ഉപയോഗിക്കുകയോ പാചകം ചെയ്യുകയോ പോലുള്ള കൂടുതൽ വൈദ്യുതി ഉപയോഗിക്കേണ്ട പ്രവർത്തനങ്ങൾ ഒഴിവാക്കിയാൽ പുതിയ പദ്ധതിയുടെ ഭാഗമായി പണം ലഭിക്കാൻ സാധിക്കും. സ്മാർട്ട് മീറ്ററുകൾ ഉള്ള വീടുകൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. വൈകിട്ട് 5 മുതൽ 8 മണി വരെയുള്ള സമയത്ത് പരമാവധി വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാൻ പുതിയ പദ്ധതിക്ക് കഴിയും എന്നാണ് വിലയിരുത്തപ്പെടുന്നത്. തങ്ങളുടെ ഉപയോഗം ഗണ്യമായി വെട്ടി കുറച്ച ഉപഭോക്താക്കൾക്ക് ഒക്ടോപസ് എനർജി ഇൻസെന്റീവ് വാഗ്ദാനം ചെയ്തതിന് മികച്ച പ്രതികരണം ആണ് നേരത്തെ ലഭിച്ചത്.