ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ നല്ലൊരു ശതമാനം വീടുകളിലെയും സ്മാർട്ട് മീറ്ററുകൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്ന കണക്കുകൾ പുറത്തുവന്നു. സിറ്റിസൺസ് അഡ്‌വൈസിൽ നിന്നുള്ള കണക്കുകൾ അനുസരിച്ച് ശരിയായി പ്രവർത്തിക്കാത്ത ഗ്യാസ്, ഇലക്‌ട്രിസിറ്റി സ്‌മാർട്ട് മീറ്ററുകളുടെ എണ്ണം സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നതിലും കൂടുതലാണ് . ഇത് മൊത്തം സ്മാർട്ട് മീറ്ററുകളുടെ 20% മുതൽ 30 % വരെ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സ്മാർട്ട് മീറ്ററുകളിലെ തകരാറും സാങ്കേതികവിദ്യയിലെ പ്രശ്നങ്ങളും കാരണം ദശലക്ഷ കണക്കിന് കുടുംബങ്ങൾക്ക് സ്മാർട്ട് മീറ്ററുകളിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ നഷ്ടപ്പെടുകയാണെന്ന് ചാരിറ്റി പറഞ്ഞു. തങ്ങളുടെ ഗ്യാസ്, വൈദ്യുതി ഊർജ്ജ ഉപയോഗം കുറയ്ക്കുന്നതിനും നിരീക്ഷിക്കുന്നതിനും വീടുകളിലെ സ്മാർട്ട് മീറ്ററുകൾ വഴി സാധ്യമാകും. എന്നാൽ പല സ്മാർട്ട് മീറ്ററുകളുടെയും ഡിസ്പ്ലേകൾ പ്രവർത്തിക്കാത്തത് കൊണ്ട് ഇത് സാധ്യമാകുന്നില്ലെന്ന പരാതികൾ വ്യാപകമാണ്. സർവേയിൽ പങ്കെടുത്ത 31 ശതമാനം ആൾക്കാരും അവരുടെ സ്മാർട്ട് മീറ്ററുകളുടെ ഡിസ്പ്ലേയ്ക്ക് പ്രശ്നമുണ്ടെന്നാണ് രേഖപ്പെടുത്തിയത് .


ഡിപ്പാർട്ട്‌മെൻ്റ് ഫോർ എനർജി സെക്യൂരിറ്റി, നെറ്റ് സീറോ എന്നിവയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് കഴിഞ്ഞ വർഷം അവസാനം വരെ ഗ്രേറ്റ് ബ്രിട്ടനിൽ 3.98 മില്യൺ സ്മാർട്ട് മീറ്ററുകൾ ശരിയായി പ്രവർത്തിക്കുന്നില്ല. സ്മാർട്ട് മീറ്ററുള്ള 20% വീടുകളും അവരുടെ ഉപകരണം ശരിയായി പ്രവർത്തിക്കാത്തതിനാൽ ഇപ്പോഴും മാനുവൽ മീറ്റർ റീഡിംഗുകൾ പതിവായി സമർപ്പിക്കേണ്ടതുണ്ട്. യുകെയിലുടനീളമുള്ള 4,000 ഗാർഹിക ഊർജ്ജ ഉപഭോക്താക്കളെ ഉൾപ്പെടുത്തി 2023 ഓഗസ്റ്റ് മുതൽ ഒക്‌ടോബർ വരെ നടത്തിയ ഒരു സർവേയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്