ന്യൂസ് ഡെസ്ക്, മലയാളം യുകെ
അസ്വാരസ്യങ്ങളിൽ വലഞ്ഞ് ലേബർ പാർട്ടി. ലേബർ പാർട്ടി അംഗങ്ങളിൽ മൂന്നിലൊന്ന് പേർ ഇനി സർ കീർ സ്റ്റാർമാർ ഒരു നല്ല പ്രധാന മന്ത്രിയാണെന്ന് കരുതുന്നില്ലെന്നും അടുത്ത പൊതു തിരഞ്ഞെടുപ്പിൽ അദ്ദേഹം പാർട്ടിയെ നയിക്കരുതെന്നുമുള്ള അഭിപ്രായങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. പുതിയ സർവേ അനുസരിച്ച് സ്റ്റാർമർ മോശം പ്രകടനം കാഴ്ചവയ്ക്കുന്നുവെന്ന് 33% പേർ അഭിപ്രായപ്പെടുമ്പോൾ, 63% പേർ അദ്ദേഹം നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് പറയുന്നു. 37% പേർ സ്റ്റാർമർ വീണ്ടും തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കരുതെന്ന് അഭിപ്രായപ്പെടുമ്പോൾ, 53% പേർ അദ്ദേഹം വീണ്ടും ഭരണം തുടരണം എന്ന അഭിപ്രായക്കാരാണ്.
സ്റ്റാർമറിന് പകരം മാഞ്ചസ്റ്റർ മേയർ ആൻഡി ബർണമാനിനാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള പിന്തുണ ലഭിച്ചിരിക്കുന്നത്. 54% അംഗങ്ങളും അദ്ദേഹത്തിനാണ് പിന്തുണ പ്രഖ്യാപിച്ചത്. പുറത്താക്കിയ ഡെപ്യൂട്ടി നേതാവ് ആഞ്ചല റെയ്‌നർക്ക് 10% മാത്രമാണ് ലഭിച്ചത്. ആരോഗ്യ സെക്രട്ടറി വെസ് സ്റ്റ്രീറ്റിങ്ങിന് 7%, മുൻ നേതാവും ഇപ്പോഴത്തെ ഊർജ്ജ സെക്രട്ടറിയുമായ എഡ് മിലിബാൻഡിനും വിദേശകാര്യ സെക്രട്ടറി ഇവറ്റ് കൂപ്പറിനും 6% വീതവും, പുതിയ ആഭ്യന്തര സെക്രട്ടറി ശബാന മഹ്മൂദിന് 2 ശതമാനവും പിന്തുണ ലഭിച്ചു.
ഡെപ്യൂട്ടി നേതൃസ്ഥാനത്തിനായുള്ള മത്സരവും സർവേ പരിശോധിച്ചു. 35% പേർ ലൂസി പോവലിനെയും 28% പേർ ബ്രിഡ്ജറ്റ് ഫിലിപ്പ്‌സണിനെയും പിന്തുണച്ചു. ലൂസി പോവലിനെ പിന്തുണയ്ക്കുന്നവർ സ്റ്റാർമറിനെതിരെ വിമർശനാഭിപ്രായം പ്രകടിപ്പിക്കാനുള്ള സാധ്യത കൂടുതലാണെന്നും സർവ്വേ കണ്ടെത്തി. അതേസമയം 60% പേരാണ് ആഞ്ചല റെയ്‌നർ രാജിവയ്ക്കണമെന്ന് വോട്ട് ചെയ്തത്. എന്നിരുന്നാലും ലേബർ പാർട്ടിക്കുള്ളിലെ ഭിന്നതകളും നേതൃ സ്ഥാനത്തെ കുറിച്ചുള്ള ആശങ്കകളും പുതിയ സർവേ വെളിപ്പെടുത്തുന്നു.
Leave a Reply