മ്യാന്‍മാറിനൊപ്പം ഭൂകമ്പം വലിയ നാശം വിതച്ച തായ്ലാന്‍ഡില്‍ പ്രധാനമന്ത്രി പെയ്തൊങ്ടാണ്‍ ഷിനവത്ര അടിയന്തരയോഗം വിളിച്ചു. തലസ്ഥാനമായ ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബാങ്കോക്കിലും ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലും മെട്രോ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. 7.9 തീവ്രതയുള്ള ഭൂകമ്പമാണ് യുനാനില്‍ അനുഭവപ്പെട്ടത്. 1.7 കോടിപ്പേര്‍ പാര്‍ക്കുന്ന അംബരചുംബികളാല്‍നിറഞ്ഞ നഗരമാണ് ബാങ്കോക്ക്. പ്രകമ്പനമനുഭവപ്പെട്ടതിനുപിന്നാലെ ബാങ്കോക്കിലെ ബഹുനിലക്കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശംവിതച്ചത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും ഇരവതി നദിക്കുകുറുകെയുള്ള പഴയപാലവും അണക്കെട്ടും തകര്‍ന്നു. ദേശീയപാതകള്‍ രണ്ടായി മുറിഞ്ഞു. ഒരു പള്ളിയും നിലംപൊത്തി. പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് ദുരന്തത്തിനിരയായത്. തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്കില്‍ നിര്‍മാണത്തിലിരിക്കുന്ന 33-നിലക്കെട്ടിടം ഭൂകമ്പത്തില്‍ തകര്‍ന്നു. അവിടെയാണ് മൂന്നുപേര്‍ മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 83 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് തായ് ഉപപ്രധാനമന്ത്രി ഫുംതാം വിചായചായ് പറഞ്ഞു. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ഭൂകമ്പം ഏറ്റവും കൂടുതല്‍ബാധിച്ച മ്യാന്‍മാറിലെ മാന്‍ഡലെയില്‍നിന്ന് 17.2 കിലോമീറ്റര്‍ അകലെ, സഗൈങ് നഗരത്തിന് വടക്കുപടിഞ്ഞാറ് 10-30 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. മ്യാന്‍മാറിലെ പട്ടാളഭരണകൂടം അന്താരാഷ്ട്രസമൂഹത്തോട് സഹായമഭ്യര്‍ഥിച്ചു.
ഭൂകമ്പം കനത്ത നാശംവിതച്ച മ്യാന്‍മാറിന്. ഇന്ത്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സഹായം വാഗ്ദാനംചെയ്തു. അവിടങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. അതിനിടെ, അവശ്യ വസ്തുക്കളുമായി വ്യോമസേനയുടെ ഐ.എ.എഫ് സി-130 ജെ വിമാനം ശനിയാഴ്ച പുലര്‍ച്ചെ മ്യാന്മറിലേക്ക് തിരിച്ചു. 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് ഇന്ത്യ മ്യാന്മറിലേക്ക് അയച്ചത്. മരുന്നുകള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ബ്ലാങ്കറ്റുകള്‍, പാകംചെയ്യാതെതന്നെ കഴിക്കാന്‍ പാകത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ വിളക്കുകള്‍, ജനറേറ്ററുകള്‍, സിറിഞ്ചുകള്‍ തുടങ്ങിയവയാണ് വ്യോമസേനാ വിമാനത്തില്‍ ഇന്ത്യ എത്തിക്കുന്നത്.
മ്യാന്‍മാറിലേക്ക് ദുബായ് വഴി മെഡിക്കല്‍ സഹായമെത്തിക്കാന്‍ ലോകാരോഗ്യസംഘടന ശ്രമിക്കുന്നുണ്ട്. മ്യാന്‍മാറിലെ ദുരന്തബാധിതര്‍ക്കായി പ്രാര്‍ഥിക്കുന്നെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
മലയാളികള്‍ സുരക്ഷിതരെന്ന് ട്രാവല്‍ ഏജന്‍സികള്‍. തായ്‌ലാന്‍ഡിലെ ഭൂകമ്പബാധിത പ്രദേശത്തുള്ള മലയാളികള്‍ സുരക്ഷിതരെന്ന് ട്രാവല്‍ ഏജന്‍സികള്‍. താമസിച്ചിരുന്ന ഹോട്ടലുകളില്‍നിന്ന് മലയാളികളെ ഒഴിപ്പിച്ചെങ്കിലും സ്ഥിതി ശാന്തമായതോടെ ഇവരെ തിരിച്ച് ഹോട്ടലില്‍ കയറ്റിയതായാണ് വിവരം.
സീസണുകളിലല്ലാതെതന്നെ മലയാളികള്‍ വിദേശയാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനാണ് തായ്‌ലാന്‍ഡ്. ആഴ്ചയില്‍ മൂവായിരത്തോളം മലയാളികള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അങ്ങോട്ടുപോകുന്നെന്നാണ് കണക്ക്. ആഴ്ചയില്‍ തായ് എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ എന്നിവയുടെ 11 സര്‍വീസുകളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്ന് മലേഷ്യ, സിങ്കപ്പൂര്‍ വഴിയും മലയാളികള്‍ തായ്‌ലാന്‍ഡില്‍ പോകാറുണ്ട്.
ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മ്യാന്‍മാറില്‍ മാത്രം 694 പേര്‍ മരിച്ചു. 730 പേര്‍ക്ക് പരിക്കേറ്റു. തായ്ലാന്‍ഡിലും അഞ്ചു പേര്‍ക്ക് ജീവന്‍ നഷ്ടമായി. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കും. തലസ്ഥാനമായ നായ്പിഡോ ഉള്‍പ്പെടെ മ്യാന്‍മാറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരത്തിലേറെപ്പേര്‍ മരിച്ചിരിക്കാമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി. ചൈന, ഇന്ത്യ, വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനമനുഭവപ്പെട്ടു. അവിടങ്ങളില്‍ നാശനഷ്ടങ്ങളൊന്നുമില്ല. കൊല്‍ക്കത്തയിലും ഇംഫാലിലും 4.4 തീവ്രതരേഖപ്പെടുത്തി. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശംവിതച്ചത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും ഇരവതി നദിക്കുകുറുകെയുള്ള പഴയപാലവും അണക്കെട്ടും തകര്‍ന്നു. ദേശീയപാതകള്‍ രണ്ടായി മുറിഞ്ഞു. ഒരു പള്ളിയും നിലംപൊത്തി. പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് ദുരന്തത്തിനിരയായത്. തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്കില്‍ നിര്‍മാണത്തിലിരിക്കുന്ന 33-നിലക്കെട്ടിടം ഭൂകമ്പത്തില്‍ തകര്‍ന്നു. അവിടെയാണ് മൂന്നുപേര്‍ മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 83 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് തായ് ഉപപ്രധാനമന്ത്രി ഫുംതാം വിചായചായ് പറഞ്ഞു. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
Leave a Reply