പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ എന്ന സ്ഥലത്താണ് എന്റെ വീട്. ഞാനും അമ്മയും മാത്രമാണ് വീട്ടിൽ ഉള്ളത്. ഞാൻ പത്തനാപുരം സെന്റ്. മേരീസ് സ്‌കൂളിൽ ആറാം ക്‌ളാസിലാണ് പഠിക്കുന്നത്. ഷൂട്ടിന്റെ തിരക്കുകാരണം സ്‌കൂളിലെ മാവേലിയാണ് ഞാൻ. എങ്കിലും ടീച്ചേഴ്സും കൂട്ടുകാരുമെല്ലാം നല്ല സപ്പോർട്ടാണ്. നോട്സൊക്കെ വാട്സാപ്പിൽ അയച്ചുതരും.ഷൂട്ടിനൊക്കെ പോകുമ്പോള്‍ വീടു മിസ്‌ ചെയ്യാറുണ്ട്. എവിടെയൊക്കെ താമസിച്ചാലും എന്റെ ബെഡ്റൂമില്‍ കിടക്കുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്.

എനിക്ക് കിട്ടിയ സമ്മാനങ്ങള്‍ കൊണ്ടാണ് വീട് അലങ്കരിച്ചിരിക്കുന്നത്. എന്റെ റൂമിലും കുറെ ഫോട്ടോസും ട്രോഫികളും ഒക്കെ വച്ചിട്ടുണ്ട്. പഠിക്കാന്‍ അധികം സമയം ഇല്ലാത്തതുകൊണ്ട് മുറിയില്‍ സ്റ്റഡി ടേബിള്‍ ഇല്ല. ഊണുമുറിയില്‍ ഇരുന്നാണ് ഞാന്‍ പഠിക്കുന്നത്.എനിക്ക് ചെറുപ്പത്തിൽ പട്ടാളക്കാരൻ ആകാമായിരുന്നു താൽപര്യം. പിന്നെ പൈലറ്റ് ആകാം എന്നായി. ഇപ്പോൾ ഇഷ്ടം, പഠിച്ചു ഒരു ഐഎഎസ്സുകാരൻ ആകണം എന്നാണ്.

അൽസാബിത്തിന്റെ അമ്മ ബീന ബാക്കി വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.എന്റെ നാട് കോന്നിയാണ്. വിവാഹശേഷം ഞങ്ങൾ കലഞ്ഞൂരിൽ നാലുസെന്റ് ഭൂമി വാങ്ങി ഒരു ഇരുനില വീട് പണിതു. പക്ഷേ അൽസാബിത്ത് കുഞ്ഞായിരിക്കുമ്പോൾത്തന്നെ ഭർത്താവ് വീടുവിട്ടുപോയി. അതോടെ ഞങ്ങൾക്ക് ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. വീട് ജപ്തിയാകുമെന്ന സ്ഥിതിയായി. ഭാഗ്യം പോലെയാണ് ആ സമയത്തു കുഞ്ഞിന് മിനിസ്‌ക്രീനിൽ അവസരം കിട്ടുന്നത്. കുഞ്ഞു ജോലി ചെയ്തുണ്ടാക്കിയ കാശുകൊണ്ടാണ് ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടിയത്.

 

ലിവിങ്, ഡൈനിങ്, കിച്ചൻ, നാലു കിടപ്പുമുറികൾ…ഇത്രയും വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ചെറിയ പ്ലോട്ടിൽ നിർമിച്ചതുകൊണ്ട് വീടിന്റെ ഭിത്തി തന്നെ മതിലായി വരുന്ന വിധമാണ് ക്രമീകരണം. അടുത്തിടയ്ക്ക് ഞങ്ങൾ ഒരു കാർ മേടിച്ചു. അതിനെ ഉൾക്കൊള്ളിക്കാൻ മുൻവശത്ത് റൂഫിങ് ഷീറ്റ് ഇട്ടു.നഷ്ടമാകുമെന്ന് കരുതിയിടത്തുനിന്നാണ് ദൈവം ഞങ്ങള്‍ക്ക് ഈ വീട് തിരിച്ചുതന്നത്. അതുകൊണ്ടുതന്നെ വീടിനോട് വലിയ സ്നേഹമാണ്. മോന്റെ അധ്വാനമായതുകൊണ്ട് അവനും വീടിനോട് വലിയ ഇഷ്ടമാണ്. ദൈവം ഇനിയും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്…