ജോജി തോമസ്
സ്ഥാപിതമായിട്ടുണ്ട് 125 വർഷങ്ങൾ പിന്നിട്ട കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യവിദ്യാലയമായ ചങ്ങനാശ്ശേരിയിലെ സെൻറ് ബർക്കുമാൻസ് സ്കൂൾ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് വളരെ അപൂർവ്വമായ ഒരു ഗുരുശിഷ്യ സമാഗമത്തിന്. ഒരു പക്ഷെ കേരളത്തിലെ ആദ്യ റസിഡൻഷ്യൽ സ്കൂളുകളിൽ ഒന്നായ സെൻറ് ബർക്കുമാൻസ് ബോർഡിംഗിലെ പൂർവവിദ്യാർത്ഥികളാണ് തങ്ങളുടെ ഗതകാല സ്മരണകൾ അയവിറക്കാനും ബോർഡിംഗിൻ്റെ റെക്ടറായി ദീർഘനാൾ സേവനമനുഷ്ഠിച്ച ഫാ. ജോസ് പി കൊട്ടാരത്തെ ആദരിക്കുന്നതിനുമായി ഡിസംബർ 28 -ന് ഉച്ചതിരിഞ്ഞ് ഒരു കാലത്ത് തങ്ങൾ പഠിച്ചു കളിച്ചും, ഉണ്ടു ഉറങ്ങിയും ജീവിതത്തിൻ്റെ ബാലപാഠങ്ങൾ അഭ്യസിച്ച സ്കൂളിൻ്റെയും ബോർഡിംഗിൻ്റെയും പരിസരത്ത് ഒത്തുകൂടിയത്. ലോകത്തിൻ്റെ പല ഭാഗത്തുമായി വിവിധ ഇടങ്ങളിൽ ജീവിക്കുന്ന എസ്.ബി. ബോർഡിംഗിലെ പൂർവ്വ വിദ്യാർത്ഥികൾക്ക് സമാനതകളില്ലാത്ത അനുഭവമാണ് ഒത്തു ചേരൽ സമ്മാനിച്ചത്. ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം ഫാ. ജോസ്. പി. കൊട്ടാരം തുടങ്ങി രൂപതയിലെ നിരവധി വൈദികരും, അധ്യാപകരും പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തിരുന്നു.
1891 – ൽ ചങ്ങനാശ്ശേരി രൂപതയുടെ ആദ്യ ബിഷപ്പായ മാർ ചാൾസ് ലെവ്ന്ത് ആണ് എസ് ബി ഹൈസ്കൂളും, ബോർഡിങും സ്ഥാപിക്കുന്നത്. ഉള്ളൂരിനെപ്പോലെ ഉള്ള പ്രമുഖരായ അധ്യാപകർ പഠിപ്പിച്ചിട്ടുള്ള എസ് ബി ഹൈസ്കൂളും, ബോർഡിങും വിദ്യാഭ്യാസരംഗത്തെ മാതൃകയായി ഉയർത്തിക്കൊണ്ടുവരാനും നിലനിർത്താനും ചങ്ങനാശ്ശേരി രൂപത എക്കാലവും ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ ചങ്ങനാശ്ശേരി രൂപതാ അധ്യക്ഷൻ്റെ രക്ഷാകർതൃത്തിലാണ് എസ് ബി ബോർഡിംഗും സ്കൂളും പ്രവർത്തിക്കുന്നത്. എസ് ബി സ്കൂളിൻ്റെ പിന്തുടർച്ചയായി ആണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നീട് പ്രശസ്തമായ എസ് ബി കോളേജ് ചങ്ങനാശ്ശേരി അതിരൂപത ആരംഭിക്കുന്നത്.
ഇനിയുള്ള വർഷങ്ങളിൽ ഒരു തവണയെങ്കിലും ഒത്തുകൂടാനുള്ള തീരുമാനം ഉണ്ടായ സംഗമത്തിൽ തലമുറകളുടെ ഗുരുനാഥൻ എന്ന് വിശേഷിപ്പിക്കുന്ന ഫാ. ജോസ് പി കൊട്ടാരത്തിന് പൂർവവിദ്യാർത്ഥികൾ സ്നേഹാദരങ്ങൾ അർപ്പിച്ചത് ഗുരുശിഷ്യ ബന്ധത്തിൻ്റെ നേർ കാഴ്ച ആയി . 1987മുതൽ 2018 വരെ മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന കാലയളവിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരി ജനറാൾ സ്ഥാനം വഹിച്ച സമയമൊഴികെ ഫാ. ജോസ് പി കൊട്ടാരം ആയിരുന്നു ബോർഡിംഗിൻ്റെ റെക്ടർ. ഇടക്കാലത്ത് നിന്നുപോയ ബോർഡിങ് 1987 -ൽ അന്നത്തെ രൂപതാ അദ്ധ്യക്ഷനായിരുന്ന മാർ ജോസഫ് പൗവ്വത്തിലിൻ്റെ പ്രത്യേക താത്പര്യപ്രകാരം പുനരാരംഭിച്ചതിനുശേഷമുള്ള വളർച്ചയിൽ ഫാ. ജോസ് . പി . കൊട്ടാരത്തിൻ്റെ സംഭാവനകൾ വളരെ വലുതാണ്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്കൂളുകൾ ഉള്ള ചങ്ങനാശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് മാനേജർ പദവി വഹിക്കുന്ന അവസരത്തിൽ തന്നെയാണ് ഫാ. ജോസ് .പി. കൊട്ടാരം ബോർഡിംഗിൻ്റെ റെക്ടർ സ്ഥാനം വഹിച്ച് നിരവധി തലമുറകൾക്ക് പിതൃതുല്യമായ സ്നേഹം സമ്മാനിച്ചത്. വരുംവർഷങ്ങളിലും ഒത്തുകൂടി സ്നേഹം പുതുക്കണമെന്നും, ഗൃഹാതുരസ്മരണകൾ അയവിറക്കണമെന്നുമുള്ള ദൃഢനിശ്ചയത്തിലാണ് വിദ്യാരംഗത്തേ മുത്തശ്ശിയെന്ന് വിശേഷിപ്പിക്കാവുന്ന എസ്. ബി ബോർഡിംഗിൻ്റെ പൂർവ്വവിദ്യാർത്ഥികൾ യാത്ര പറഞ്ഞത്.
ഈ എഴുതിയ ആളും ആ ബോര്ഡിങ്ങിന്റെയും സ്കൂളിന്റെന്റെയും പൂർവ്വ വിദ്യാർത്ഥി ആണെന്ന് സൂചിപ്പിക്കാമായിരുന്നു 😄