കായംകുളം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെ പരിഹസിച്ച് എ.എം.ആരിഫ് എംപി. പാൽ സൊസൈറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണമെന്നായിരുന്നു ആരിഫിന്റെ പരാമർശം. കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി പ്രതിഭ ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആരിഫ് എംപി.
സ്ഥാനാര്‍ഥിയുടെ പ്രാരാബ്‌ധമാണ് യുഡിഎഫ് കായംകുളത്ത് പ്രചാരണ വിഷയമാക്കിയത്. പ്രാരാബ്‌ധം ചര്‍ച്ച ചെയ്യാനാണോ കേരളത്തിലെ തിരഞ്ഞെടുപ്പെന്നും ആരിഫ് ചോദിച്ചിരുന്നു.
ആരിഫ് എംപിയുടെ പ്രതികരണം രാഷ്ട്രീയ പോരിനുള്ള ആയുധമാക്കിയിരിക്കുകയാണ് യുഡിഎഫ്. എംപിയുടെ പരാമർശം ഏറെ വേദനിപ്പിച്ചെന്ന് അരിത ബാബു പറഞ്ഞു. തന്നെ മാത്രമല്ല ആലപ്പുഴയിലെ തൊഴിലാളി സമൂഹത്തെ മുഴുവനായാണ് ആരിഫ് എംപി പരിഹസിച്ചതെന്നും അരിത പറഞ്ഞു.
ആരിഫ് മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. എംപിയുടെ പരാമര്‍ശം വിലകുറഞ്ഞതും അരിതയെ അധിക്ഷേപിക്കുന്നതുമാണെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മിന്റെ അധഃപതനം ആണ് ആരിഫിന്റെ പ്രസ്‌താവനയിലൂടെ വ്യക്തമാകുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അതേസമയം, പ്രസ്‌താവന പിൻവലിക്കില്ലെന്നും വിവാദമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ആരിഫ് പറയുന്നു.
ആലപ്പുഴയിൽ വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് കായംകുളം. എൽഡിഎഫിന്റെ സിറ്റിങ് സീറ്റിൽ അരിതയെ സ്ഥാനാർഥിയാക്കി മണ്ഡലം പിടിച്ചെടുക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ക്ഷീര കർഷകയാണ് അരിത ബാബു. വളരെ പാവപ്പെട്ട വീട്ടിൽ നിന്നുള്ള കുട്ടിയാണ് അരിതയെന്ന് സ്ഥാനാർഥി പ്രഖ്യാപന വേളയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു.
Leave a Reply