മരണത്തിലും ഒരുമിച്ച് സൈജുവും വിബിയും യാത്രയായപ്പോൾ എല്ലാം നഷ്ടമായി തനിച്ചായി അമൽ. സചിവോത്തമപുരം വഞ്ഞിപ്പുഴ വീട്ടിൽ അമലിന്റെ അച്ഛനും അമ്മയുമാണ് അപകടത്തിൽ മരണപ്പെട്ടത്. അമലിന്റെ രണ്ട് സഹോദരങ്ങൾ നേരത്തെ മരിച്ചിരുന്നു.

ഇന്നലെ തുരുത്തി പുന്നമൂട് ജംക്ഷനിൽ കാർ നിയന്ത്രണം വിട്ട് സ്‌കൂട്ടറിൽ ഇടിച്ചു കയറിയാണ് സ്‌കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചത്. സൈജുവും(43), ഭാര്യ വിബിയും(39) ഇന്നലെ ഉച്ചയ്ക്ക് 2.45നുണ്ടായ അപകടത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു. സൈജുവിന്റെയും വിബിയുടെയും ഏക മകനാണ് അമൽ.

ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു വിബിയും സൈജുവും. മാതാപിതാക്കൾ ജീവനോടെ തിരികെ വരില്ല എന്ന യാഥാർഥ്യം അമലിനെ പതിയെയാണ് ബന്ധുക്കൾ അറിയിച്ചത്. ഇവർക്കൊപ്പം താമസിക്കുന്ന സൈജുവിന്റെ മാതാവ് മറിയാമ്മയെയും ആദ്യം വിവരം അറിയിച്ചിരുന്നില്ല.

ജീവിതത്തിലുടനീളം പലവിധത്തിലുള്ള പ്രതിസന്ധികളെ സൈജു അഭിമുഖീകരിച്ചിരുന്നു. എങ്കിലും എന്നും തണലായി വിബി കൂടെ തന്നെ ഉണ്ടായിരുന്നു. ഒടുവിൽ മരണത്തിലും വിബി സൈജുവിന്റെ കൂടെ യാത്രയാവുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, പ്രതിസന്ധികൾ പലതും സംഭവിച്ചിട്ടും ജീവിതത്തെ പ്രസാദാത്മകമായി കാണുന്നതായിരുന്നു സൈജുവിന്റെ രീതിയെന്ന് ബന്ധുക്കളും പറയുന്നു. നാഗാലാൻഡിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന സൈജു 12 വർഷം മുൻപാണ് കുടുംബസമേതം നാട്ടിൽ തിരികെയെത്തി കുറിച്ചിയിൽ താമസമാരംഭിച്ചത്.

ചങ്ങനാശേരിയിലെ സ്റ്റുഡിയോയിൽ കുറച്ചു കാലം സൈജു ജോലി ചെയ്തിരുന്നു. 4 വർഷം മുൻപാണ് ഇവരുടെ മകൻ ഏബൽ മരിച്ചത്. രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു ഈ കുട്ടി. മറ്റൊരു മകൻ സിറിലും ചെറിയ പ്രായത്തിൽ തന്നെയാണ് മരിച്ചത്.

രണ്ടു മക്കളുടെ മരണത്തിലും തളർന്നു പോയെങ്കിലും അമലിന് വേണ്ടിയാണ് ഇരുവരും ജീവിച്ചത്. ഇപ്പോൾ അമലിനെ തനിച്ചാക്കി ഇരുവരും യാത്രയായപ്പോൾ എന്തു പറഞ്ഞ് അമലിനെ ആശ്വസിപ്പിക്കുമെന്ന് ആലോചിച്ച് തളരുകയാണ് ബന്ധുക്കളും അയൽക്കാരും.