ഇന്നലെ ഉച്ചയ്ക്ക് 2.15 നായിരുന്നു അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് കുറവന്‍തോട് ജങ്ഷനു കിഴക്ക് വെളിയത്തേഴം വീട്ടില്‍ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ വെട്ടേറ്റു മരിച്ചത്. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡ് ഇടവഴിക്കല്‍ വീട്ടില്‍ കബീര്‍ആബിദ ദമ്പതികളുടെ മകള്‍ സബിത(28)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സബിതയുടെ ഭര്‍ത്താവും പുന്നപ്ര തെക്ക് പഞ്ചായത്ത് ആനന്ദമന്ദിരത്തില്‍ മോഹന്‍ദാസ്ആനന്ദവല്ലി ദമ്പതികളുടെ മകനുമായ സന്ദീപി(സല്‍മാന്‍ 36 ) നെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ സല്‍മാനും സബിതയും ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതു നാട്ടുകാര്‍ കണ്ടിരുന്നു. ബാങ്കില്‍ പോയതാണെന്നാണ് ഇവര്‍ പറഞ്ഞത്. ഭര്‍ത്താവിന്റെ തോളില്‍ കൈയിട്ട് സന്തോഷവതിയായി ബൈക്കില്‍ വീട്ടിലെത്തിയ സബിത നിമിഷങ്ങള്‍ക്കകം വെട്ടേറ്റ് മരിക്കുകയായിരുന്നു. എട്ടുവര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹ ജീവിതം ആരംഭിച്ച ഇവര്‍ തമ്മില്‍ പലപ്പോഴും വഴക്കുണ്ടാകുമായിരുന്നെന്നാണ് പരിസരവാസികള്‍ പറയുന്നത്. വഴക്ക് നടക്കുമ്പോള്‍ നാട്ടുകാര്‍ വിവരമറിയിക്കുന്നതിനനുസരിച്ച് പലപ്പോഴും പോലീസെത്തി സല്‍മാനെ സ്‌റ്റേഷനിലേക്കു കൊണ്ടുപോകാറുണ്ട്. ഇന്നലെ ഉച്ചയോടെ പതിവിനു വിപരീതമായി സബിതയുടെ അലമുറ കേട്ട് അയല്‍വാസികള്‍ എത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചു നില്‍ക്കുന്ന സല്‍മാനെ കണ്ടത്. ഇവര്‍ തമ്മില്‍ വഴക്ക് നടക്കുമ്പോള്‍ വിവരമന്വേഷിക്കാന്‍ വീട്ടിലെത്തുന്നവരോട് സല്‍മാന്‍ തട്ടിക്കയറുമായിരുന്നു. അതുകൊണ്ടുതന്നെ നാട്ടുകാരും ഇവരുടെ കാര്യത്തില്‍ ഇടപെടാതായി. പുറത്തുപോയിരുന്ന ഇരുവരും ഇന്നലെ ഉച്ചയോടെ ബൈക്കില്‍ വീട്ടില്‍ മടങ്ങിയെത്തി. തുടര്‍ന്നു വഴക്കിനിടെ വെട്ടുകത്തികൊണ്ട് സബിതയുടെ കഴുത്തിന്റെ ഇരുഭാഗത്തും വെട്ടുകയായിരുന്നു. കഴുത്തിന്റെ ഇരുഭാഗത്തും വെട്ടേറ്റ സബിത അടുക്കളയില്‍ മരിച്ചുകിടക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊലപാതകം നടന്ന വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടു മൂന്നു വര്‍ഷമേയായിട്ടുള്ളൂ. സന്ദീപും സബിതയും താമസിക്കുന്ന വീടും സ്ഥലവും ഇരുവരുടെയും പേരിലായിരുന്നു. ഇതു സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നതായി പോലീസും അയല്‍വാസികളും പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍ക്കാരായ സ്ത്രീകള്‍ ദേഹമാസകലം രക്തംപുരണ്ട നിലയില്‍ സല്‍മാനെ കണ്ടു. വിവരമറിഞ്ഞ് കൂടുതല്‍ പേരെത്തിയതോടെ സല്‍മാന്‍ വീടിന്റെ അകത്തുകയറി വാതിലടച്ചു. പുന്നപ്ര എസ്.ഐ: ഇ.ഡി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെ വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തുകടന്ന് അറസ്റ്റ് ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ