ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹേര്‍ഡും തമ്മിലുള്ള മാനനഷ്ടക്കേസും അതില്‍ ഡെപ്പിന് അനുകൂലമായി വിധി വന്നതുമെല്ലാം ഏറെ വാര്‍ത്തകള്‍ക്ക് വഴിയൊരുക്കിയതാണ്. കേസെല്ലാം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങള്‍ തലപൊക്കുകയാണ്. താനിപ്പോഴും ഡെപ്പിനെ സ്‌നേഹിക്കുന്നുവെന്നും താനൊരു നല്ല ഇരയല്ലെന്നും ഹേര്‍ഡ് പറയുന്നു. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആംബറിന്റെ പരാമര്‍ശം.

വിചാരണ വേളയില്‍ തന്റെ മനസ്സിലെ ഒരുഭാഗം ഡെപ്പിനെ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്ന് ഹേര്‍ഡ് പറഞ്ഞിരുന്നു. ഇതെക്കുറിച്ച് അഭിമുഖകര്‍ത്താവ് ഹേര്‍ഡിനോട് ചോദിച്ചു. ഇത്രയും കോലാഹലങ്ങള്‍ നടന്നിട്ടും ഡെപ്പിനെ സ്‌നേഹിക്കുന്നുവോ എന്നായിരുന്നു ചോദ്യം. അതെ, തീര്‍ച്ചയായും സ്‌നേഹിക്കുന്നു. ഞാന്‍ എന്റെ ഹൃദയം കൊണ്ടാണ് അദ്ദേഹത്തെ സ്‌നേഹിച്ചത്. അതുകൊണ്ടു തന്നെ ഡെപ്പിനോട് എനിക്ക് മോശം വികാരങ്ങളില്ല. ഇത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ല- ഹേര്‍ഡ് പറഞ്ഞു.

‘താനൊരു നല്ല ഇരയല്ല. മറ്റുള്ളവരാല്‍ ഇഷ്ടപ്പെടുന്ന ഇരയല്ല. ഒരു മികച്ച ഇരയുമല്ല’- ഹേര്‍ഡ് കൂട്ടിച്ചേര്‍ത്തു.

മറ്റൊരു മാധ്യമത്തിന് നേരത്തേ നല്‍കിയ അഭിമുഖത്തില്‍ ഹേര്‍ഡ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വിചാരണ സുതാര്യമായിരുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ഡെപ്പിന് അനുകൂലമായി സാക്ഷി പറഞ്ഞവരെ കൂലിത്തൊഴിലാളികള്‍ എന്നാണ് അഭിമുഖത്തില്‍ അവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. തനിക്കെതിരെ സാക്ഷി പറഞ്ഞവരെല്ലാം ഡെപ്പില്‍നിന്ന് പണം വാങ്ങിയെന്നും ഹേര്‍ഡ് പറഞ്ഞു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘സാധാരണക്കാരന് അതൊക്കെ അറിയണമെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ട് ഞാന്‍ അത് വ്യക്തിപരമായി എടുക്കുന്നില്ല. പക്ഷേ, ഈ വെറുപ്പും വിദ്വേഷവും ഞാന്‍ അര്‍ഹിക്കുന്നുവെന്ന് ഉറപ്പുള്ള ഒരാള്‍ക്ക് പോലും, ഞാന്‍ കള്ളം പറയുകയാണെന്ന് വിചാരിച്ചാലും, നിങ്ങള്‍ക്ക് ഇപ്പോഴും എന്റെ കണ്ണുകളിലേക്ക് നോക്കാന്‍ കഴിയില്ല.’ ആംബര്‍ ഹേര്‍ഡ് പറഞ്ഞു.

‘എങ്ങനെയാണവര്‍ വിധി പ്രസ്താവിക്കുക? അവരെല്ലാം ഓരോ കസേരകളിലിരുന്ന് മൂന്നാഴ്ച തുടര്‍ച്ചയായി എല്ലാം കേട്ടു.’ ശമ്പളം വാങ്ങുന്ന ജീവനക്കാരില്‍ നിന്നുള്ള നിരന്തരമായ സാക്ഷ്യമായിരുന്നു വിചാരണയുടെ അവസാനം വരെയുണ്ടായതെന്നും ഹേര്‍ഡ് ആരോപിച്ചു.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മാനനഷ്ടക്കേസില്‍ ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് 105 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് യു.എസിലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതി വിധിച്ചത്. ഡെപ്പിനെതിരെ ആംബര്‍ ഹേര്‍ഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ 2 ദശലക്ഷം ഡോളറാണ് ഹേര്‍ഡിന് പിഴയായി ഡെപ്പ് നല്‍കേണ്ടത്.

2018-ല്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തില്‍ ഗാര്‍ഹികപീഡനത്തെ അതിജീവിച്ച വ്യക്തിയായാണ് ആംബര്‍ ഹേര്‍ഡ് സ്വയം അവതരിപ്പിച്ചത്. ലേഖനത്തിലെവിടെയും ജോണി ഡെപ്പിന്റെ പേരോ വ്യക്തിയെ തിരിച്ചറിയുന്ന സൂചനകളോ ഉണ്ടായിരുന്നില്ല. എന്നാല്‍, അതിന് തൊട്ടുപിന്നാലെ ഡിസ്നി അടക്കമുള്ള വന്‍ നിര്‍മാണ കമ്പനികള്‍ തങ്ങളുടെ സിനിമകളില്‍നിന്ന് ഡെപ്പിനെ ഒഴിവാക്കി. തന്നെ വ്യക്തിഹത്യചെയ്യാനും സിനിമാജീവിതം തകര്‍ക്കാനും ഉദ്ദേശിച്ചുള്ളതാണ് ലേഖനമെന്ന് ആരോപിച്ച് 2019-ല്‍ ഡെപ്പ് കേസിനു പോയി. അഞ്ചു കോടി ഡോളറാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇതിനെതിരേ 10 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഹേര്‍ഡും നല്‍കി. 2015-ലായിരുന്നു ഇവരുടെ വിവാഹം.