ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം മേഖലകളിലും ആംബർ ഹീറ്റ്-ഹെൽത്ത് അലർട്ട് പ്രഖ്യാപിച്ചു. ഈ ആഴ്ച താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളത്.

യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ, പ്രായമായവർ, കുട്ടികൾ, ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് ചൂട് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാമെന്ന് വ്യക്തമാക്കുന്നു. ലണ്ടൻ ഉൾപ്പെടെ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളും മുന്നറിയിപ്പ് പരിധിയിലാണുള്ളത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ആരോഗ്യ – സാമൂഹിക സേവനങ്ങൾക്കും അധിക സമ്മർദം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

അതേസമയം, കടുത്ത വരൾച്ചയും ചൂടും ബ്രിട്ടനെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമായതോടെ ലക്ഷക്കണക്കിന് ആളുകൾക്ക് വെള്ള ഉപയോഗ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മഴയുടെ അഭാവവും ഉയരുന്ന താപനിലയും കാട്ടുതീ ഭീഷണി വർധിപ്പിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രദേശങ്ങളെ വരൾച്ചാബാധിത മേഖലയായി പ്രഖ്യാപിക്കാനുള്ള സാധ്യതയും അധികൃതർ പരിശോധിച്ചുവരുന്നു.











Leave a Reply