ന്യൂസ് ഡെസ്ക് മലയാളം യുകെ
ജൂലൈ -19ന് ലോക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് ശേഷം ആംബർ ലിസ്റ്റിൽപ്പെട്ട രാജ്യങ്ങളിൽനിന്ന് യുകെയിലേയ്ക്ക് എത്തുന്നവർക്ക് സ്വയം ഒറ്റപ്പെടലിന് വിധേയരാവേണ്ടതില്ല. രണ്ട് ഡോസ് പ്രതിരോധകുത്തിവെയ്പ്പ് സ്വീകരിച്ചവർക്കാണ് ഈ ഇളവിൻെറ ആനുകൂല്യം ലഭിക്കുക. എന്നാലും മടങ്ങി വരുന്നതിൻെറ മുൻപും ശേഷവും കോവിഡ് ടെസ്റ്റുകൾ നടത്തേണ്ടി വരുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് പറഞ്ഞു. 18 വയസ്സിന് താഴെയുള്ളവരെയും ക്വാറന്റീനിലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പുതിയ മാറ്റത്തെ യാത്രാ – വിനോദസഞ്ചാര മേഖലയിലെ പ്രമുഖർ സ്വാഗതം ചെയ്തു. എന്നാൽ റെഡ് ലിസ്റ്റിൽ പെട്ട കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി ആംബർ ലിസ്റ്റ് വിപുലീകരിക്കണമെന്ന ആവശ്യം ശക്തമാണ്. രണ്ട് ഡോസ് വാക്സിൻ കിട്ടി 14 ദിവസം കഴിഞ്ഞതിനുശേഷമേ പൂർണമായും വാക്സിനേഷൻ നടന്നതായി കണക്കാക്കുകയുള്ളൂ. കൂടാതെ എൻഎച്ച്എസ് നൽകിയ പ്രതിരോധകുത്തിവെയ്പ്പുകൾ മാത്രമേ കണക്കാക്കുകയുള്ളൂ. എന്നാൽ രോഗവ്യാപനത്തിൻെറ തീവ്രത അനുസരിച്ച് ആംബർ ലിസ്റ്റിൽ പെട്ട രാജ്യങ്ങൾ യുകെയിലെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ടെന്ന് ഗതാഗത സെക്രട്ടറി മുന്നറിയിപ്പുനൽകി. അങ്ങനെവന്നാൽ യാത്രക്കാർ നിർബന്ധിത ക്വാറന്റീന് വിധേയമാകേണ്ടതായി വരും. ചുരുക്കത്തിൽ യാത്ര തുടങ്ങി അവസാനിക്കുന്നതുവരെ സന്ദർശിക്കുന്ന രാജ്യങ്ങൾ ആംബർ ലിസ്റ്റിൽ ആണെങ്കിൽ മാത്രമേ ക്വാറന്റീൻ ഒഴിവാക്കുന്ന ഇളവു ലഭിക്കുകയുള്ളൂ.
Leave a Reply