ഹോം സെക്രട്ടറി ആംബര്‍ റൂഡ് രാജിവെച്ചു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതിന്റെ ടാര്‍ജറ്റ് സംബന്ധിച്ച വിഷയത്തിലാണ് റൂഡ് രാജി സമര്‍പ്പിച്ചിരിക്കുന്നത്. വിന്‍ഡ്‌റഷ് അഭയാര്‍ത്ഥികളെ സംബന്ധിച്ച വിവാദമാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചിരിക്കുന്നത്. ഹോം സെക്രട്ടറി പദമെന്നത് ഗവണ്‍മെന്റിലെ ഏറ്റവും അസ്ഥിര ജോലികളിലൊന്നായി മാറിയിരിക്കുകയാണോ എന്ന ചോദ്യവും ഈ രാജി ഉയര്‍ത്തുന്നുണ്ട്. തെരേസ മേയ് ആറ് വര്‍ഷം ഈ പദവിയില്‍ തുടര്‍ന്നിരുന്ന ആളാണെങ്കിലും അവരുടെ പിന്‍ഗാമിയായ ആംബര്‍ റൂഡിന് അധികകാലം മന്ത്രിസ്ഥാനത്ത് തുടരാന്‍ കഴിഞ്ഞില്ല. ഡേവിഡ് ബ്ലങ്കറ്റ്, ജാക്വി സ്മിത്ത്, ചാള്‍സ് ക്ലാര്‍ക്ക് തുടങ്ങിയവരുടെ നിരയിലേക്ക് റൂഡും ചേര്‍ക്കപ്പെട്ടു. പുതിയ വിവാദം ഉയരുന്നതിനു മുമ്പ് തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രവര്‍ത്തന സംസ്‌കാരത്തിലൂടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഉയര്‍ന്നു വരുന്ന താരങ്ങളിലൊന്നായാണ് റൂഡിനെ കണക്കാക്കിയിരുന്നത്.

യൂറോപ്യന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന നേതാവ്, പാര്‍ട്ടിയെ ലിബറല്‍ ആധുനികതയിലേക്ക് നയിക്കണമെന്ന അഭിപ്രായമുള്ളവരുടെ നേതാവായ ജോര്‍ജ് ഓസ്‌ബോണിന്റെ പിന്‍ഗാമി തുടങ്ങിയ വിശേഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും ജനപ്രീതി നേടാന്‍ ഇവര്‍ക്കായിട്ടുണ്ട്. ഇവരുടെ സഹോദരന്‍ റോളണ്ട് റിമെയ്ന്‍ ക്യാംപെയിനിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖനാണ്. ഡേവിഡ് കാമറൂണിന്റെ കീഴിലാണ് ഇവര്‍ക്ക് പ്രത്യേക പരിഗണനയും സ്ഥാനക്കയറ്റവും ലഭിക്കുന്നത്. ട്രഷറി കുറച്ചു കാലം കൈകാര്യം ചെയ്തു. പിന്നീട് 2015ലെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് സെക്രട്ടറി പദത്തിലും ഇവര്‍ ഇരുന്നു.

ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്ക് ശേഷം ഇവരുടെ പ്രസക്തി ഒന്നു കൂടി വര്‍ദ്ധിച്ചു. പിന്നീട് വന്ന തെരേസ മേയ് സര്‍ക്കാരില്‍ നിന്ന് കാമറൂണ്‍ അനുകൂലികള്‍ നീക്കം ചെയ്യപ്പെട്ടപ്പോള്‍ നിലനില്‍ക്കാനായെന്ന് മാത്രമല്ല, ഹോം സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. 2017ലെ ഭീകരാക്രമണങ്ങള്‍ കൈകാര്യം ചെയ്തതും ഇവര്‍ തന്നെയാണ്. ഇപ്പോള്‍ അഭയാര്‍ത്ഥി വിഷയം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ചയാണ് രാജിയിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.