ബിനോയി ജോസഫ്

ബ്രിട്ടീഷ് ഹോം സെക്രട്ടറിയായി സാജിദ് ജാവേദിനെ പ്രധാനമന്ത്രി തെരേസ മേ നിയമിച്ചു. നിലവിൽ കമ്മ്യൂണിറ്റി സെക്രട്ടറി പദം അലങ്കരിക്കുന്ന സാജിദ് ജാവേദിനെ ആംബർ റൂഡ് രാജിവച്ച ഒഴിവിലാണ് പ്രധാനമന്ത്രി നിയമിച്ചത്. ഞായറാഴ്ച രാത്രിയാണ് ആംബർ റൂഡ് വിൻഡ് റഷ് സ്കാൻഡലുമായി ബന്ധപ്പെട്ട് രാജി സമർപ്പിച്ചത്. രാജി സ്വീകരിച്ച പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെ സാജിദ് ജാവേദിനോട് സ്ഥാനമേറ്റെടുക്കുവാൻ നിർദ്ദേശിക്കുകയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് കുടിയേറിയവരുടെ ലാൻഡിംഗ് കാർഡ് നശിപ്പിച്ചതും ഇല്ലീഗൽ ഇമിഗ്രന്റായി മുദ്രകുത്തി പലരെയും നാടുകടത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്താണ് ആംബർ റൂഡ് രാജിവച്ചത്.

കഴിഞ്ഞ തെരേസ മേ മന്ത്രിസഭയിൽ ബിസിനസ് സെക്രട്ടറിയായി തിളങ്ങിയ സാജിദ് ജാവേദ് ബ്രിട്ടീഷ് രാഷ്ട്രീയ രംഗത്തെ തിളങ്ങുന്ന സാന്നിധ്യമായി മാറുകയാണ്. 2010 ൽ പാർലമെന്റിൽ എത്തിയ സാജിദ് ജാവേദിന്റെ രാഷ്ട്രീയ രംഗത്തെ വളർച്ച അത്ഭുതകരമായിരുന്നു. വിവാഹിതനായ ഈ 48 കാരന് ഭാര്യയും നാലു മക്കളുമുണ്ട്. 1960 കളിൽ ആണ് സാജിദിന്റെ മാതാപിതാക്കൾ ബ്രിട്ടണിൽ എത്തുന്നത്. അദ്ദേഹത്തിന്റെ പിതാവ് ഒരു ബസ് ഡ്രൈവർ ആയിരുന്നു. പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അധികാരങ്ങളുള്ള ഹോം സെക്രട്ടറി പദവിയിൽ എത്തുന്ന ആദ്യ ന്യൂനപക്ഷ വൈശജനാണ് സാജിദ് ജാവേദ്.

പുതിയ സ്ഥാനലബ്ധിയിലുള്ള സന്തോഷം ജാവേദ് മറച്ചു വച്ചില്ല. ഇക്കാര്യം തന്റെ അമ്മയെ അറിയിക്കുവാൻ വെമ്പൽ കൊള്ളുകയാണെന്ന് അദ്ദേഹം പത്രക്കാരോട് പറഞ്ഞു. ബ്രിട്ടനെ കെട്ടിപ്പെടുക്കുന്നതിൽ എന്റെ കുടുംബവും പങ്കുവഹിച്ചിട്ടുണ്ട്. കുടിയേറ്റക്കാരുടെ നാടുകടത്തലിന്റെ ദൂഷ്യ ഫലങ്ങൾ തന്റെ കുടുംബത്തെ വരെയും ബാധിക്കാവുന്ന തരത്തിലാണെന്നും ഇവ പരിഹരിക്കാൻ താൻ മുൻഗണന നല്കുമെന്നും സാജിദ് പറഞ്ഞു.

ബ്രോംസ്ഗ്രോവ് മണ്ഡലത്തെയാണ് സാജിദ് പാർലമെന്റിൽ പ്രതിനിധീകരിക്കുന്നത്. പത്നി ലോറയോടും മക്കളോടുമൊപ്പം ഫുൾഹാമിലാണ് താമസിക്കുന്നത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് ബാങ്കിംഗ് മേഖലയിലാണ് സാജിദ് ജാവേദ് പ്രവർത്തിച്ചിരുന്നത്. എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ തവണ തന്നെ അദ്ദേഹം ക്യാബിനറ്റ് പദവിയിൽ എത്തി. ഒരു പക്ഷേ, ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ന്യൂനപക്ഷ വംശജനായി സാജിദ് ജാവേദ് മാറുമോ എന്നാണ് ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.