ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ഇതുവരെയുള്ളതിൽ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇന്നലെയെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. ഇന്നലെ വെസ്റ്റ് സഫോക്കിലെ സാന്റൺ ഡൗൺഹാമിൽ താപനില 29.4°C ആയിരുന്നു. ചൂടിനെ തുടർന്ന്, വെള്ളിയാഴ്ച രാത്രി ഈസ്റ്റേൺ , സൗത്ത് ഈസ്റ്റേൺ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ ഇടിമിന്നലിനുള്ള ആംബർ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതേസമയം യുകെയിലെ മറ്റു സ്ഥലങ്ങളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് വെള്ളപ്പൊക്കം, വൈദ്യുതി തടസ്സം, ട്രെയിൻ, ബസ് സർവീസുകൾ തടസ്സപ്പെടൽ തുടങ്ങിയവ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി.
മെയ് 1 ന് ലണ്ടനിലെ ക്യൂവിൽ 29.3°C രേഖപ്പെടുത്തിയിരുന്നു. വെസ്റ്റ് സഫോക്കിലെ സാന്റൺ ഡൗൺഹാമിൽ ഏറ്റവും ചൂടേറിയ താപനില 29.4°C രേഖപ്പെടുത്തിയപ്പോൾ, സ്കോട്ട്ലൻഡിലെ ഏറ്റവും ചൂടേറിയ ദിവസം അനുഭവപ്പെട്ടത് മൊറേയിലെ ലോസിമൗത്തിൽ 25.7°C ആയിരുന്നു. തെക്കുകിഴക്കൻ മേഖലയിലെ താപനില ഈ സമയത്ത് ശരാശരിയേക്കാൾ 9–10°C കൂടുതലാണെന്ന് മെറ്റ് ഓഫീസ് പറയുന്നു.
സസെക്സിലെ ഈസ്റ്റ്ബോൺ മുതൽ വടക്കൻ നോർഫോക്കിലെ ക്രോമർ വരെ ഇടിമിന്നലിനുള്ള ആംബർ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ ശനിയാഴ്ച രാവിലെ 5:00 വരെ ഇത് പ്രാബല്യത്തിൽ ഉണ്ട്. മുന്നറിയിപ്പിന് കീഴിലുള്ള പ്രദേശങ്ങളിൽ 30–50 മില്ലിമീറ്റർ മഴയും 40–50 മൈൽ വേഗതയിൽ കൂടുതൽ കാറ്റും ഉണ്ടാകാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ഇടയ്ക്കിടെയുള്ള ഇടിമിന്നലും ശക്തമായ മഴയും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് മെറ്റ് ഓഫീസ് പറയുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങൾ അത്യാവശ്യമെങ്കിൽ മാത്രമേ റോഡ് വഴി യാത്ര ചെയ്യാവു എന്നും അധികൃതർ അറിയിച്ചു.
Leave a Reply