ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലേക്ക് അടുത്ത് ഫ്ലോറിസ് കൊടുങ്കാറ്റ്. 2024-25 കാലയളവിലെ യുകെയിൽ ആഞ്ഞടിക്കുന്ന ആറാമത്തെ കൊടുങ്കാറ്റാണിത്. മോശം കാലാവസ്ഥയെ തുടർന്ന് സ്‌കോട്ട് ലൻഡിന്റെ മിക്ക ഭാഗങ്ങളിലും ആംബർ വാണിംഗുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മുതൽ രാത്രി 10 വരെ ആംബർ വാണിംഗ് നിലവിലുണ്ട്. ശക്തമായ കാറ്റുള്ളതിനാൽ കെട്ടിടങ്ങൾക്കും മരങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
നോർത്തേൺ ഇംഗ്ലണ്ട്, നോർത്ത് വെയിൽസ്, നോർത്തേൺ അയർലൻഡ് സ്കോട്ട് ലൻഡ് തുടങ്ങിയ പ്രദേശങ്ങളിൽ ഇന്ന് രാവിലെ ആറു മണി മുതൽ യെല്ലോ വാണിംഗ് പ്രാബല്യത്തിൽ ഉണ്ട്. ഇന്ന് രാത്രിയോടെ കൊടുങ്കാറ്റ് കൂടുതൽ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്. സ്കോട്ട് ലൻഡിലെ ഉൾനാടൻ പ്രദേശങ്ങളിൽ മണിക്കൂറിൽ 50 മുതൽ 70 മൈൽ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതേസമയം തുറന്ന തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 80 മുതൽ 90 മൈൽ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട് എന്നും അധികൃതർ അറിയിച്ചു.
നാളെ ഉച്ചകഴിഞ്ഞ് സ്കോട്ട് ലൻഡിന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൈകിട്ടോടെ കാറ്റ് അബർഡീൻഷെയറിലേക്ക് നീങ്ങും. കൊടുങ്കാറ്റ് വീശുന്ന പ്രദേശങ്ങളിൽ വൈദ്യുതി തടസ്സം, കനത്ത മഴ, വെള്ളപ്പൊക്കം എന്നിവയ്ക്കും സാധ്യതയുണ്ട്. വേഗത നിയന്ത്രണങ്ങൾ, കാലതാമസം, ട്രെയിൻ സർവീസുകളുടെ റദ്ദാക്കലുകൾ എന്നിവയെ കുറിച്ച് നാഷണൽ റെയിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ യുകെയിൽ ഓഗസ്റ്റ് മാസം ആഞ്ഞടിച്ചിട്ടുള്ള കൊടുങ്കാറ്റുകൾ എല്ലാം തന്നെ വൻ തോതിലുള്ള നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സ്റ്റോം ലിലിയൻ (ഓഗസ്റ്റ് 2024), സ്റ്റോം ആന്റണി, സ്റ്റോം ബെറ്റി (ഓഗസ്റ്റ് 2023), സ്റ്റോം എല്ലെൻ, ഫ്രാൻസിസ് (ഓഗസ്റ്റ് 2020) എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
Leave a Reply