ലണ്ടന്‍: ഞായറാഴ്ച്ച രാവിലെ എം25 പാതയിലുണ്ടായ അപകട സ്ഥലത്തേക്ക് ആംബുലന്‍സുകള്‍ എത്തുന്നതിന് മറ്റു വാഹനങ്ങള്‍ തടസം സൃഷ്ടിച്ചതായി പരാതി. ലെയിനുകള്‍ അടച്ചു കൊണ്ട് സ്ഥാപിച്ച എക്‌സ് സിഗ്നല്‍ ബോര്‍ഡുകള്‍ മറ്റു വാഹനങ്ങള്‍ അവഗണിച്ചതാണ് ആംബുലന്‍സുകള്‍ക്ക് തടസമായത്. പോലീസ് നിര്‍ദേശങ്ങള്‍ മറ്റു വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ പാലിക്കാതിരുന്നതോടെ ഗതാഗതക്കുരുക്ക് മൈലുകളോളം നീണ്ടു. ഏതാണ്ട് ഏഴോളം എമര്‍ജന്‍സി വാഹനങ്ങളാണ് വഴിയില്‍ കുടുങ്ങിയത്. ഡ്രൈവര്‍മാരുടെ അശ്രദ്ധയെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നത്.
ഞായറാഴ്ച്ച രാവിലെ 9 മണിക്കാണ് എം25 പാതയില്‍ അപകടമുണ്ടാകുന്നത്. ഉടന്‍ തന്നെ പാതയിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി വ്യക്തമാക്കി പോലീസ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഗതാഗതം നിരോധിച്ചതോടെ തിരക്കേറിയ പാതയില്‍ വലിയ ഗതാഗതക്കുരുക്കുണ്ടായി. അടിയന്തര സാഹചര്യത്തില്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ട പോലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വഴിയില്‍ കുടുങ്ങുകയും ചെയ്തു. കിലോമീറ്ററുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടന്നിരുന്നതായി ദൃസാക്ഷികള്‍ പറയുന്നു. തിരക്കേറിയ പാതയില്‍ പൂര്‍ണമായും വാഹനങ്ങള്‍ നിരന്നോടെയാണ് ആംബുലന്‍സുകള്‍ കുടുങ്ങിയത്.
സാധാരണഗതിയില്‍ ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്ന സമയത്ത് ഡ്രൈവര്‍മാര്‍ അടിയന്തര വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന രീതിയില്‍ ക്യൂ പാലിക്കാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം വഴി പൂര്‍ണമായും തടസപ്പെടുത്തിയാണ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്. യാത്രക്കാരുടെ കാത്തിരിക്കാനുള്ള മനസില്ലായ്മ ആളുകളുടെ ജീവനാണ് അപകടത്തിലാക്കുന്നതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. റോഡ് അടച്ചതായി നിര്‍ദേശം വന്നു കഴിഞ്ഞാല്‍ അവ കൃത്യമായി പാലിക്കാന്‍ യാത്രക്കാര്‍ ബാധ്യസ്ഥരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Leave a Reply