ന്യൂസ് ഡെസ്ക്

റോഡ് സേഫ്റ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യുകെ ഡ്രൈവർമാർക്ക് റോഡ് സൈഡ് ഐ ടെസ്റ്റുമായി പോലീസ് രംഗത്ത്. 20 മീറ്റർ ദൂരത്തുള്ള നമ്പർ പ്ലേറ്റ് വായിക്കാൻ സാധിച്ചില്ലെങ്കിൽ ഉടൻ തന്നെ ലൈസൻസ് റദ്ദാക്കും. ഏതു നിമിഷവും പോലീസ് ഡ്രൈവർമാരെ റോഡ് സൈഡിൽ കൈ കാണിച്ച് നിർത്തിച്ച് ഐ ടെസ്റ്റിൽ പങ്കെടുക്കാൻ ആവശ്യപ്പെടാം. തെംസ് വാലി, ഹാംപ് ഷയർ, വെസ്റ്റ് മിഡ്ലാൻഡ്സ് എന്നിവിടങ്ങളിലാണ് ഈ പൈലറ്റ് സ്കീം നടപ്പാക്കിയിരിക്കുന്നത്. റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്കും വിഷൻ എക്സ്പ്രസും ഈ സ്കീമിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പൈലറ്റ് സ്കീമിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്തതിനു ശേഷം രാജ്യമെമ്പാടും നടപ്പാക്കാനാണ് പദ്ധതി.

1937 മുതലാണ് കാഴ്ച പരിശോധന ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായി ആദ്യം ഏർപ്പെടുത്തിയത്. പുതിയ റോഡ് സൈഡ് ഐ ടെസ്റ്റ് സെപ്റ്റംബർ മുതലാണ് നടപ്പാക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിനു ശേഷം കാഴ്ചയിൽ കുറവ് വന്നാൽ അത് ഡിവിഎൽഎയെ അറിയിക്കാൻ ഡ്രൈവർമാർ ബാധ്യസ്ഥരാണ്. മിക്കവാറും ഡ്രൈവർമാർ ഇങ്ങനെയുള്ള കാഴ്ച വ്യതിയാനം റിപ്പോർട്ട് ചെയ്യാറില്ല. കണ്ണിന് തകരാറുള്ള ഡ്രൈവർമാർ സൃഷ്ടിക്കുന്ന അപകടങ്ങൾ ദിനം തോറും വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കർശന പരിശോധന നടപ്പിലാക്കുന്നത്. റോഡ് സൈഡ് പരിശോധനയിൽ പരാജയപ്പെട്ടാൽ ലൈസൻസ് ഉടൻ നഷ്ടപ്പെടുകയും ഡ്രൈവിംഗ് അവിടെ അവസാനിപ്പിക്കപ്പെടുകയും ചെയ്യും.