ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുന്നതിനായി അന്താരാഷ്ട്ര തലത്തില്‍ രൂപീകരിച്ച പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് പ്രഖ്യാപനം നടത്തിയത്. കരാര്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ട്രംപ് പറഞ്ഞു. അന്താരാഷ്ട്ര ഗൂഡാലോചനയുടെ ഭാഗമാണ് ഇത്തരം കരാറുകള്‍. ഇവ അമേരിക്കന്‍ സമ്പദ്ഘടനയ്ക്ക് കനത്ത നഷ്ടം വരുത്തിവെയ്ക്കുമെന്നും ട്രംപ് പറഞ്ഞു.
195 രാജ്യങ്ങള്‍ അംഗീകരിച്ച് ഒപ്പുവെച്ചതാണ് പാരീസ് ഉടമ്പടി. 2025ഓടെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ 28 ശതമാനം കുറയ്ക്കാന്‍ ഉദ്ദേശിച്ച് തയ്യാറാക്കിയ ഉടമ്പടിയെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ പിന്‍തുണച്ചിരുന്നു. കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, വ്യാവസായികവിപ്ലത്തിന് മുമ്പുള്ള കാലത്തേക്ക് ലോകത്തെ തിരിച്ചുകൊണ്ടുവരിക തുടങ്ങിയവയാണ് ഉടമ്പടിയിലെ പ്രധാന വ്യവസ്ഥകള്‍.
വൈറ്റ് ഹൗസിലെ പ്രത്യേകയോഗത്തില്‍ വെച്ചാണ് ഈ പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് നടത്തിയത്. ലോകത്ത് ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയുടെയും ചൈനയുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാര്‍ എന്നും കാലാവസ്ഥാ സംരക്ഷണം തട്ടിപ്പാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. കോടിക്കണക്കിന് ഡോളര്‍ വിദേശ സഹായം കൈപ്പറ്റുന്നതിനായാണ് ഇന്ത്യ കരാറില്‍ ഒപ്പുവെച്ചതെന്നും ട്രംപ് ആരോപിച്ചു.
Leave a Reply