വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സൈന്യത്തെ സിറിയയിൽനിന്നു പിൻവലിച്ചാൽ അസാദ് ഭരണകൂടവും സഖ്യകക്ഷിയായ ഇറാനും ചേർന്ന് സിറിയൻ ജനതയെ അടിച്ചമർത്തുന്നതു തുടരുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേർസൺ. ഈ സാഹചര്യം ഒഴിവാക്കാനായി സിറിയയിൽ അമേരിക്കൻ സേനയെ നിലനിർത്തുമെന്നു സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രഭാഷണത്തിൽ ടില്ലേർസൺ വ്യക്തമാക്കി.
രണ്ടായിരം കരസേനാംഗങ്ങളെയാണു യുഎസ് സിറിയയിൽ വിന്യസിച്ചിട്ടുള്ളത്. യുഎസ് വ്യോമസേനാ വിമാനങ്ങൾ കിഴക്കൻ സിറിയയിൽ പട്രോളിംഗ് നടത്തുകയും ജിഹാദിസ്റ്റുകളുടെ താവളങ്ങളിൽ ആക്രമണം നടത്തുകയും ചെയ്യുന്നുണ്ട്. ഭീകരസംഘടനായ ഐഎസിനെ ഉന്മൂലനം ചെയ്യുകയാണ് യുഎസ് സൈന്യത്തിന്റെ ദൗത്യം. ഭീകരരുടെ തിരിച്ചുവരവ് തടയുകയും വേണം. ഇറാക്കിൽനിന്നു തിടുക്കത്തിൽ അമേരിക്ക പിന്മാറിയതുപോലുള്ള തെറ്റായ നടപടി സിറിയയുടെ കാര്യത്തിൽ ഉണ്ടാവരുതെന്നു ടില്ലേർസൺ ചൂണ്ടിക്കാട്ടി.
ഏഴുവർഷമായി തുടരുന്ന സിറിയൻ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച യുഎസ് പദ്ധതിയെക്കുറിച്ചു ടില്ലേർസൺ വിശദീകരിച്ചു. സുസ്ഥിരവും അഖണ്ഡവുമായ സിറിയ നിലവിൽ വരണമെങ്കിൽ അസാദ് ഭരണം അവസാനിക്കണം. അസാദിനെ പുറത്താക്കാനും ഇറാന്റെ സ്വാധീനം ഇല്ലായ്മ ചെയ്യാനുമുള്ള നടപടികൾക്ക് നേതൃത്വം നല്കേണ്ടത് സിറിയയിലെ സാധാരണ ജനങ്ങളാണെന്നും അതിന് അവരെ സഹായിക്കുകയാണു യുഎസിന്റെ ദൗത്യമെന്നും ടില്ലേർസൺ പറഞ്ഞു. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ ഇടപെടാനോ ബലംപ്രയോഗിച്ചു ഭരണമാറ്റം നടപ്പാക്കാനോ യുഎസിനു പദ്ധതിയില്ലെന്നു ടില്ലേർസൺ വിശദീകരിച്ചു. യുഎന്നിന്റെ മേൽനോട്ടത്തിലുള്ള സമാധാന പ്രക്രിയയിലൂടെ സിറിയയിൽ ഭരണമാറ്റം വേണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നത്.
Leave a Reply