ലോക്ക് ഡൗൺ കാരണം വിമാനസർവീസുകളെല്ലാം നിർത്തിയതോടെ നാട്ടിലെത്താൻ സാധിക്കാതെ വിഷമിക്കകുയാണ് സകലരും. എന്നാൽ സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമില്ലെന്നും അവിടുത്തേക്കാൾ താൻ സുരക്ഷിതനാണ് ഈ അന്യദേശത്തെന്നും പറഞ്ഞ് അമ്പരപ്പിക്കുകയാണ് അമേരിക്കൻപൗരനായ ടെറി ജോൺ കോൺവേർസ്. ഇപ്പോൾ നാട്ടിലേക്ക് പോകേണ്ടെന്നും ഇന്ത്യയാണ് അമേരിക്കയേക്കാൾ കൊവിഡ് കാലത്ത് സുരക്ഷിതമെന്നും പറഞ്ഞിരിക്കുകയാണ് ഇദ്ദേഹം. കേരളത്തിൽ താൻ സുരക്ഷിതനാണെന്നു ചൂണ്ടിക്കാട്ടി 74 കാരനായ ഈ അമേരിക്കൻ പൗരൻ വിസ നീട്ടി ലഭിക്കാനായി കോടതിയെ സമീപിച്ചിരിക്കുകയാണ്.

സംവിധായകനും നാടകകൃത്തുമായ ടെറി ജോൺ കോൺവേർസ് വിസ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്. കോടതിയിൽ നിന്ന് ടെറിയ്ക്ക് അനുകൂലവിധിയും ലഭിച്ചു.

‘അമേരിക്കയിലേതിനെക്കാൾ ഇന്ത്യയിൽ ഞാൻ സുരക്ഷിതനാണ്. ആറുമാസത്തേക്ക് കൂടി വിസകാലാവധി ലഭിക്കണമെന്നാണ് ആഗ്രഹം. അമേരിക്കയിൽ നിലവിലെ സ്ഥിതി ആശാവഹമല്ല. വിസ നീട്ടി നൽകിയാൻ ഇന്ത്യയിൽ തുടരാമല്ലോ. അമേരിക്കയെ അപേക്ഷിച്ച് വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തിൽ ഇന്ത്യ ഏറെ മെച്ചപ്പെട്ടരീതിയിലാണ് പ്രവർത്തിക്കുന്നത്’-ടെറി പറയുന്നു

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ തീയ്യേറ്റർ വിഭാഗം പ്രൊഫസറാണ് ടെറി ജോൺ കോൺവേർസ്. നിലവിൽ കൊച്ചി പനമ്പിള്ളി നഗറിലാണ് താമസം. നേരത്തെ അദ്ദേഹം തന്റെ വിസ മെയ് 20വരെ നീട്ടിയിരുന്നു. ആ സമയമാകുമ്പോൾ രാജ്യാന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്.

എന്നാൽ വൈറസ് ബാധയ്ക്ക് ശമനം ഇല്ലെന്ന് കണ്ടതോടെ വിസ ആറുമാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക കെപി ശാന്തി മുഖാന്തരം കോടതിയെ സമീപിക്കുകയായിരുന്നു. കൊച്ചിയിൽ ഫീനിക്‌സ് വേൾഡ് തിയറ്റർ ഗ്രൂപ്പ് നടത്തുന്ന ചാരു നാരായണകുമാറിന്റെ കുടുംബത്തിനൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.