കഴിഞ്ഞദിവസം വര്‍ക്കലയില്‍ പിടിയിലായത് ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച അന്താരാഷ്ട്ര കുറ്റവാളി. വിവിധ സാമ്പത്തിക കുറ്റകൃത്യങ്ങളിലടക്കം പ്രതിയായ, യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിയോക്കോവിനെ(46)യാണ് സിബിഐയുടെ ഇന്റര്‍നാഷണല്‍ പോലീസ് കോ-ഓപ്പറേഷന്‍ യൂണിറ്റിന്റെ സഹായത്തോടെ കഴിഞ്ഞദിവസം വര്‍ക്കലയില്‍നിന്ന് അറസ്റ്റ് ചെയ്തത്. കുടുംബത്തോടൊപ്പം അവധിക്കാലം ആസ്വദിക്കാനായി വര്‍ക്കലയിലെത്തിയ ഇയാളെ ഒരു ഹോംസ്‌റ്റേയില്‍നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകരില്‍ ഒരാളാണ് അലക്‌സേജ് ബെസിയോക്കോവ്. അന്താരാഷ്ട്ര ക്രിമിനല്‍ സംഘങ്ങള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയെന്നതാണ് ഇയാള്‍ക്കെതിരായ പ്രധാന കുറ്റം. അലക്‌സേജിനൊപ്പം ഗാരന്റക്‌സിന്റെ സഹസ്ഥാപകരിലൊരാളായ അലക്‌സാണ്ടര്‍ മിറ സെര്‍ദ എന്ന റഷ്യന്‍ പൗരനെതിരേയും സമാന കുറ്റത്തിന് യു.എസ്. ഏജന്‍സികള്‍ കേസെടുത്തിരുന്നു. ഇയാള്‍ നിലവില്‍ യു.എ.ഇ.യിലാണെന്നാണ് വിവരം.

അമേരിക്കയുടെ അപേക്ഷപ്രകാരം ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി അലക്‌സേജിനെതിരേ വാറന്റ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പട്യാല ഹൗസ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് വര്‍ക്കലയില്‍നിന്ന് പോലീസ് ഇയാളെ പിടികൂടിയത്. നിലവില്‍ റിമാന്‍ഡ് ചെയ്ത പ്രതിയെ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയശേഷം യു.എസിന് കൈമാറും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2019 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് അലക്‌സേജും മിറ സെര്‍ദയും ഗാരന്റക്‌സ് എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന കള്ളപ്പണം വെളുപ്പിക്കാനാണ് ഇവര്‍ സഹായം നല്‍കിയിരുന്നത്. തീവ്രവാദസംഘടനകള്‍ക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കും പുറമേ സൈബര്‍ കുറ്റവാളികള്‍ക്കും ഇവര്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഒരാഴ്ച മുന്‍പ് ഗാരന്റക്‌സ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിന്റെ 26 മില്യണ്‍ ഡോളര്‍ വിലവരുന്ന സ്വത്ത് യു.എസ്. ഏജന്‍സികള്‍ മരവിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസിലെ മുഖ്യപ്രതികളിലൊരാളായ അലക്‌സേജിനെ കേരളത്തില്‍നിന്ന് അറസ്റ്റ്‌ചെയ്തത്. ആഗോളതലത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന കള്ളപ്പണം വെളുപ്പിക്കലിനെതിരേയുള്ള പോരാട്ടത്തിന്റെ വലിയ വിജയമായാണ് അലക്‌സേജിന്റെ അറസ്റ്റിനെ യു.എസ്. ഏജന്‍സികള്‍ വിലയിരുത്തുന്നത്.